ഫോക്ക് ഇരുപതാം വാർഷികാഘോഷവും ഗോൾഡൻ ഫോക്ക് അവാർഡ് വിതരണവും നവംബർ 14ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ പ്രധാന സാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) തൻ്റെ ഇരുപതാം വാർഷികാഘോഷം ‘കണ്ണൂർ മഹോത്സവം 2025’ നവംബർ 14ന് വെള്ളിയാഴ്ച അഹമ്മദി ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിക്കുന്നു. ഉച്ചയ്ക്ക് 2.30 മുതൽ ആരംഭിക്കുന്ന ചടങ്ങിൽ മെറിറ്റോറിയസ് അവാർഡ്, സാംസ്കാരിക സമ്മേളനം, അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും. സായാഹ്നത്തിൽ പ്രശസ്ത ഗായകരായ സയനോര ഫിലിപ്പ്, അഞ്ജു ജോസഫ്, ബൽറാം കെ. മോഹൻദാസ്, കൗശിക് എസ്. വിനോദ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഭംഗിയാർന്ന സംഗീതനിശയും പരിപാടിയുടെ പ്രധാന ആകർഷണമാകും.
ഇതിനോടൊപ്പം, വിവിധ മേഖലകളിൽ ഉന്നത സേവനം കാഴ്ചവെച്ച കണ്ണൂർ ജില്ലക്കാരെ ആദരിക്കുന്ന പതിനെട്ടാമത് ഗോൾഡൻ ഫോക്ക് അവാർഡ് വിതരണവും ചടങ്ങിൻ്റെ ഭാഗമായി നടക്കും. ദൃശ്യ മാധ്യമരംഗത്തെ വിലപ്പെട്ട സേവനങ്ങൾക്കായി മാതൃഭൂമി ന്യൂസിലെ സീനിയർ എഡിറ്റർ മാതു സജിക്ക് ഈ വർഷത്തെ ഗോൾഡൻ ഫോക്ക് അവാർഡ് ലഭിക്കും. പ്രശസ്ത ശില്പി കെ. കെ. ആർ. വെങ്ങര രൂപകൽപ്പന ചെയ്ത വെങ്കല ശില്പം, പ്രശസ്തിപത്രം, ₹25,000 രൂപ പാരിതോഷികം എന്നിവ അടങ്ങുന്നതാണ് അവാർഡ്. അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത് ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവരടങ്ങുന്ന ജൂറിയാണ്.
ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഫോക്ക് പുതിയ വിദ്യാഭാസ സഹായ പദ്ധതി — “Empowering Dreams through Education – FOKE Higher Education Scholarship” — നടപ്പിലാക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ കോഴ്സ് പൂർത്തിയാക്കിയ, ഉയർന്ന പഠനത്തിനായി സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കായിരിക്കും ഈ സ്കോളർഷിപ്പ്. ഫോക്ക് ഭാരവാഹികൾ — പ്രസിഡൻ്റ് ലീജീഷ് പി, ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു.കെ, പ്രോഗ്രാം ജനറൽ കൺവീനർ സുജേഷ് പി.എം, ട്രഷറർ സൂരജ് കെ.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, അവാർഡ് കമ്മിറ്റി കൺവീനർ സുരേഷ് ബാബു എം.സി എന്നിവർ അബ്ബാസിയയിലെ കാലിക്കറ്റ് ഷെഫ് റെസ്റ്റോറൻ്റിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചു.



