കല കുവൈറ്റ് ക്രിക്കറ്റ് ടൂർണമെൻ്റ് : ജലീബ് ‘A’ ടീം ജേതാക്കളായി
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഈ വർഷത്തെ ഫൈനൽ മത്സരം നവംബർ 21-ന് അബൂഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആവേശകരമായി അരങ്ങേറി. ആറോവറിൽ 79 റൺസ് നേടിയ അബ്ബാസിയ സൗത്ത് സീ ടീമിനെതിരെ 5 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്ന ജലീബ് ‘A’ ടീമാണ് കിരീടം നേടിയത്.
നവംബർ 14-ന് ആരംഭിച്ച ടൂർണമെൻ്റിൻ്റെ പ്രാഥമിക റൗണ്ടുകളിൽ 25-ഓളം ടീമുകൾ പങ്കെടുത്തു. ഉദ്ഘാടനം കല കുവൈറ്റ് വൈസ് പ്രസിഡൻ്റ് പി.വി. പ്രവീണിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് മാത്യു ജോസഫ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് ആശംസകൾ നേർന്നു. ട്രഷറർ പി.വി. സുരേഷ് ഉൾപ്പെടെയുള്ള കേന്ദ്ര കമ്മിറ്റിയംഗങ്ങൾ ഉദ്ഘാടനം ചടങ്ങിൽ പങ്കെടുത്തു. കായിക വിഭാഗം സെക്രട്ടറി ശരത് ചന്ദ്രൻ സ്വാഗതവും, ടൂർണമെൻ്റ് ജനറൽ കൺവീനർ ഷിജു ജോസ് നന്ദിയും രേഖപ്പെടുത്തി.
രണ്ട് ദിനങ്ങളിലായി നടന്ന മത്സരങ്ങൾ കാണാൻ അനേകം കായികപ്രേമികൾ ഗ്രൗണ്ടിലെത്തിയിരുന്നു. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ കല കുവൈറ്റ് പ്രസിഡൻ്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്, കായിക വിഭാഗം സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ ടീമുകളെ അഭിനന്ദിച്ചു. വിജയികളുടെയും റണ്ണേഴ്സപ്പിൻ്റെയും ട്രോഫികൾ പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും ചേർന്ന് വിതരണം ചെയ്തു. വ്യക്തിഗത പ്രകടനങ്ങളിലെ വിജയികൾ
- മാൻ ഓഫ് ദി ടൂർണമെൻ്റ് : ജിതിൻ ജോസ്
- ബെസ്റ്റ് ബോളർ: ജിതിൻ ജോസ്
- മാൻ ഓഫ് ദി മാച്ച്: പീറ്റർ
- ബെസ്റ്റ് ബാറ്റ്സ്മാൻ: ജിതിൻ മണി
വ്യക്തിഗത സമ്മാനങ്ങൾ കേന്ദ്ര കമ്മിറ്റിയംഗങ്ങളും നാല് മേഖല പ്രസിഡൻ്റുമാരും ചേർന്ന് വിതരണം ചെയ്തു.



