ദേശീയ ക്ഷീരദിനം ആചരിച്ചു
മണ്ണുത്തി: ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മണ്ണുത്തിയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻഡ് ഫുഡ് ടെക്നോളജി (VKIDFT) കോളേജിൻ്റെ നേതൃത്വത്തിൽ ‘പാൽവാരം 25’ നടത്തി. പ്രമുഖ ഇന്ത്യൻ സംരംഭകനും ധവളവിപ്ലവത്തിൻ്റെ പിതാവുമായ ഡോ. വർഗീസ് കുര്യൻ്റെ ജന്മദിനമായ നവംബർ 26 ആണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. ഇന്ത്യൻ ഡെയറി അസോസിയേഷനും മിൽമ, അമൂൽ എന്നീ ഫെഡറേഷനുകളും ചേർന്നാണ് നവംബർ 20 മുതൽ 26 വരെ നീളുന്ന വിവിധ മത്സരങ്ങളും പരിപാടികളും നടത്തിയത്. VKIDFT കോളേജ് ഡീൻ ഡോ. എ. കെ. ബീന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ഒരാഴ്ച വിവിധ മത്സരങ്ങളും ആഘോഷങ്ങളും നടന്നു.
സമാപനച്ചടങ്ങിൽ സ്റ്റുഡൻ്റ് യൂണിയൻ സെക്രട്ടറി ആർ. ഹരിഗോവിന്ദ് സ്വാഗതം ആശംസിച്ചു. കോളേജ് ഡീൻ ഡോ. എ കെ ബീന അധ്യക്ഷയായിരുന്നു. പരിപാടികളുടെ സംയുക്ത വീഡിയോ പ്രൊജക്ടറിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ ഡെയറി അസോസിയേഷൻ മുൻചെയർമാനും മുൻകാല ഡീനുമായ ഡോ. പി. ഐ ഗീവർഗിസ്, നിലവിലെ ഇന്ത്യൻ ഡെയറി അസോസിയേഷൻ ചെയർമാനും മുൻകാല ഡീനുമായ ഡോ.എസ് എൻ രാജകുമാർ, അസോസിയേറ്റ് പേട്രൺ ഡോ. ജോസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രമുഖ സംരംഭകനും ക്രെംബറി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്ഥാപകനുമായ ശ്രീ നഹാസ് ബഷീർ വിദ്യാർത്ഥികൾക്കായി സംരംഭകജീവിതാനുഭവങ്ങൾ പങ്കുവച്ചു. ചടങ്ങിൽ ഈ വർഷത്തെ മികച്ച ക്ഷീരകർഷകയായി തിരഞ്ഞെടുത്ത വയനാട് സ്വദേശിനിയും മന്ന ഡയറി ഫാം ഉടമയുമായ ബിന്ദു വി.പി യെ ആദരിച്ചു. അതോടൊപ്പം പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കേരള വെറ്റിനറി സർവകലാശാലയുടെ തിരുവനന്തപുരം ക്യാംപസിലെ വിദ്യാർത്ഥി അഖിൽ ബിനു ഇന്ത്യൻ ഡെയറി അസോസിയേഷൻ്റെ മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. വിദ്യാർത്ഥി സംഘാടകരായ ആൻ വിസ്‌മയ സുരേഷ്, നീരജ പി എൽ, പരിപാടിക്ക് മികച്ച നേത്യത്വം വഹിച്ച സ്റ്റാഫ് സംഘാടകരായ ഡോ. അപർണ സുധാകരൻ, കെ.ആർ ഭരത് എന്നിവർക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. എല്ലാവർഷവും പാലിൻ്റെ ഗുണങ്ങളെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.



