സിവിൽ സ്റ്റേഷനിൽ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു
തൃശ്ശൂർ: തൃശ്ശൂർ കളക്ടറേറ്റിലെ ജീവനക്കാരുടെ കലാ സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ച കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സബ് കളക്ടർ അഖിൽ വി മേനോന് നൽകിയാണ് മാസികയുടെ പ്രകാശനം നിർവഹിച്ചത്. കളക്ടറേറ്റ് ജീവനക്കാരുടെ കഥകളും കവിതകളും വരകളുമായി തൊഴിൽ സമ്മർദ്ദങ്ങളിൽ നിന്നുള്ള മാനസിക സന്തോഷവും കലാ പ്രതിഭകൾക്കുള്ള അംഗീകാരവുമാവുകയാണ് ഇതൾക്കൂട്ട് കയ്യെഴുത്ത് മാഗസിൻ. വിവിധ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും ശേഖരിച്ച രചനകൾ കോർത്തിണക്കി മാഗസിൻ തയ്യാറാക്കുന്നതിന് കളക്ടറുടെ ഇന്റേൺ ടീം നേതൃത്വം നൽകി. ഔദ്യോഗിക ഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിൽ വിജയികളായ ജോഷി ജോസ്, ടി എൻ വിനിത എന്നിവർക്കുള്ള സമ്മാനവിതരണവും ജില്ലാ കളക്ടർ നിർവഹിച്ചു. ചടങ്ങിൽ സബ് കലക്ടർ അഖിൽ വി മേനോൻ, അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ കൃഷ്ണകുമാർ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ ജി പ്രാൺ സിംഗ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി എം ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.



