കുവൈറ്റ് കെഎംസിസി വനിതാ വിംഗ് മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി കെഎംസിസി സംസ്ഥാന വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിലെ സ്ത്രീകളുടെ സാംസ്കാരിക പങ്കാളിത്തവും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ ഉമൈബ ഒന്നാം സ്ഥാനം നേടി. ഫാത്തിമ മുഹമ്മദ് രണ്ടാം സ്ഥാനവും നസ്ല മൂന്നാം സ്ഥാനവും നേടി.
പ്രമുഖ ഹെന്ന ഡിസൈനർമാരായ നുസ്റീ, ഷബ്ന എന്നിവർ വിധി കർത്താക്കളായിരുന്നു. മൈലാഞ്ചി കലയുടെ വൈവിധ്യവും സൃഷ്ടിപരമായ മികവും പ്രകടമായ മത്സരത്തിൽ കുവൈറ്റിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വനിതകൾ പങ്കെടുത്തു.
സംസ്ഥാന വനിതാ വിംഗ് പ്രസിഡൻ്റ് ഡോ. സഹീമ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രമുഖ കുവൈറ്റി സാമൂഹിക–സാംസ്കാരിക പ്രവർത്തക മറിയം അൽ ഖബന്ദി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. സ്ത്രീകളുടെ കലാപരമായ ഇടപെടലുകൾ സമൂഹത്തെ കൂടുതൽ സമ്പന്നമാക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. പ്രവാസി വനിതകൾ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ സാമൂഹിക ഐക്യത്തിനും സാംസ്കാരിക കൈമാറ്റത്തിനും സഹായകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. വനിതാ വിംഗ് ഭാരവാഹികളായ റസിയ, തസ്നീം, ജാസിറ, സാജിദ, റസീന, സഫ്ന, സന, മുഹ്സിന സുബി, ഫരീദ ദിൽഷാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സംസ്ഥാന വനിതാ വിംഗ് ആക്ടിങ് ജനറൽ സെക്രട്ടറി ഫസീല ഫൈസൽ സ്വാഗതവും ട്രഷറർ ഫാത്തിമ അബ്ദുൽ അസീസ് നന്ദിയും രേഖപ്പെടുത്തി.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടി സൗഹൃദപരവും ആവേശഭരിതവുമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കിയവർക്കുള്ള സമ്മാന വിതരണം ജനുവരി രണ്ടിന് നടക്കുന്ന ജില്ലാ സമ്മേളന വേദിയിൽ വെച്ച് നൽകും.



