THRISSUR

വനിതാ സംരംഭകർക്ക് കരുത്തായി ‘ദാക്ഷായണി’ പദ്ധതി

തൃശ്ശൂർ : സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സംരംഭകത്വ വികസനത്തിനുമായി ‘ദാക്ഷായണി’ സ്വയംസഹായ സംഘങ്ങൾ എന്ന പുതിയ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി അറിയിച്ചു. പദ്ധതിയുടെ പൈലറ്റ് ഘട്ടം പാലക്കാട് ജില്ലയിൽ നടപ്പാക്കി വിജയകരമാക്കിയതിന് ശേഷം സംസ്ഥാനത്ത് മറ്റു ജില്ലകളിലേക്കും വ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച സാമൂഹിക പ്രവർത്തകയും, പട്ടികജാതി വിഭാഗത്തിലെ ആദ്യ വനിതാ ബിരുദധാരിയും, ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാളുമായ ദാക്ഷായണി വേലായുധന്റെ ജന്മദിനമായ ഇന്ന് (ജൂലൈ 4), അവരോടുള്ള ആദരസൂചകമായാണ് അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക – സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കിയുള്ള പുതിയ പദ്ധതിക്ക് അവരുടെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചത്.

പട്ടികജാതി പട്ടികവർഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ പട്ടിക വിഭാഗങ്ങളിൽപ്പെട്ട വനിതാ ഗ്രൂപ്പുകൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാനും, നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കാനും വൻ സാമ്പത്തിക പിന്തുണ ലഭ്യമാകും. അതു വഴി സ്വയം സഹായ സംഘങ്ങൾക്ക് സ്വാശ്രയത്വം കൈവരിക്കുന്നതിന് പദ്ധതി ഉതകുന്നതാണ്. സർക്കാർ വകുപ്പുകളിലോ അംഗീകൃത ഏജൻസികളിലോ രജിസ്റ്റർ ചെയ്തിട്ടുള്ള, 18 വയസ് പൂർത്തിയായ പട്ടികജാതി വിഭാഗക്കാരുടെ ഗ്രൂപ്പുകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പദ്ധതിയുടെ ആകെ ചെലവിന്റെ 75 ശതമാനം സർക്കാർ സബ്‌സിഡിയായി അനുവദിക്കും. പരമാവധി 10 ലക്ഷം രൂപ വരെയാണ് സബ്സിഡി ലഭിക്കുക. ശേഷിക്കുന്ന 25 ശതമാനം തുക ബാങ്കുകളിലൂടെയോ പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷനിലൂടെയോ വായ്പയായി കണ്ടെത്തണം.

കുറഞ്ഞത് രണ്ട് വർഷമായി വിജയകരമായി പ്രവർത്തിച്ചുവരുന്ന നിലവിലെ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനും പദ്ധതി സഹായം നൽകും. ഇതിനായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ സബ്‌സിഡി അനുവദിക്കും.

ബി.പി.എൽ കുടുംബങ്ങൾ, ദുർബല വിഭാഗങ്ങൾ, അവിവാഹിതരായ അമ്മമാർ, വിധവകൾ, ട്രാൻസ്ജെൻഡർ വിഭാഗക്കാർ, സ്റ്റാർട്ടപ്പ് മിഷനിലോ നോർക്കയിലോ രജിസ്റ്റർ ചെയ്തവർ, പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കിയ തൊഴിൽരഹിതർ എന്നിവർക്ക് പദ്ധതിയിൽ പ്രത്യേക മുൻഗണന ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും മന്ത്രി തൃശൂരിൽ വാർത്താസമ്മേനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *