KERALAMKUWAITMIDDLE EAST

കുവൈറ്റ് കെഎംസിസി ‘നന്മ ഭവന പദ്ധതി’: അഞ്ച് വീടുകളുടെ നിർമ്മാണ ഉദ്ഘാടനം സാദിഖലി തങ്ങൾ നിർവഹിച്ചു

കുവൈത്ത് സിറ്റി: കുവൈറ്റ് കെഎംസിസി നടപ്പിലാക്കുന്ന ‘നന്മ ഭവന പദ്ധതി’യുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്ന അഞ്ച് വീടുകളുടെ നിർമ്മാണ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നിർവഹിച്ചു. വീടില്ലാത്ത കെഎംസിസി അംഗങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയെ അദ്ദേഹം അഭിനന്ദിച്ചു.
കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന പരിപാടിയിൽ കുവൈത്ത് കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

നന്മ ഭവന പദ്ധതിക്ക് ശിഹാബ് തങ്ങൾ റിലീഫ് സെൽ ആണ് നേതൃത്വം നൽകുന്നത്. ചെയർമാൻ ഡോ. മുഹമ്മദലി പദ്ധതി വിശദീകരിച്ചു. വർഷത്തിൽ പത്ത് വീടുകൾ നിർമ്മിച്ച് കൈമാറുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ കാസർഗോഡ് (ഉദുമ), കോഴിക്കോട് (ബാലുശ്ശേരി, ബേപ്പൂർ), മലപ്പുറം (പൊന്നാനി, വേങ്ങര) നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കാണ് വീടുകൾ നിർമിച്ചു നൽകുന്നത്.
മുസ്ലിം ലീഗ് നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണി, റസാഖ് മാസ്റ്റർ, എൻ.സി. അബൂബക്കർ, എം.ആർ. നാസർ, റഫീഖ് അഹ്മദ്, സിദ്ദീഖ് വലിയകത്ത്, സിദ്ദീഖ് മാസ്റ്റർ, വി.പി. ഇബ്രാഹിം കുട്ടി, അബ്ദുൽ സലാം മാസ്റ്റർ, സാലിഹ് ബാത്ത്, സലാം വളാഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു.
അബ്ദുൽ ഹകീം അഹ്സനിയുടെ ഖിറായത്തോടെ ആരംഭിച്ച പരിപാടിക്ക് കുവൈറ്റ് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതം പറഞ്ഞു. ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദി രേഖപ്പെടുത്തി. സംസ്ഥാന, ജില്ലാ, മണ്ഡലം തലത്തിലുള്ള കെഎംസിസി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.