കൊടകര ബ്ലോക്ക് ക്ഷീരകർഷക സംഗമം
ക്ഷീര വികസന വകുപ്പിൻ്റെയും കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെയും കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ക്ഷീരസംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ 2025-26 വർഷത്തെ കൊടകര ബ്ലോക്ക് ക്ഷീരസംഗമം തൃക്കൂരിൽ കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
തൃക്കൂർ ക്ഷീര സംഘത്തിലെ മുതിർന്ന ക്ഷീരകർഷകനെയും ബ്ലോക്കിലെ മികച്ച ക്ഷീരകർഷകനെയും കെ കെ രാമചന്ദ്രൻ എംഎൽഎ ആദരിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ് ബ്ലോക്കിലെ മികച്ച വനിത ക്ഷീരകർഷകയേയും കേരള ഫീഡ്സ് ചെയർപേഴ്സൺ കെ ശ്രീകുമാർ ബ്ലോക്കിലെ മികച്ച യുവ ക്ഷീരകർഷകനെയും തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി മോഹൻദാസ് ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷേമനിധി കർഷകനെയും ആദരിച്ചു.
കൊടകര ബ്ലോക്കിന് കീഴിലെ 13 ക്ഷീരസംഘങ്ങളിൽ ഓരോ സംഘത്തിലും ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരെയും കഴിഞ്ഞ വർഷം കൊടകര ബ്ലോക്കിന് കീഴിലെ ക്ഷീരസംഘങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 സാമ്പത്തിക വർഷത്തെ കാലത്തീറ്റ സബ്സിഡി പദ്ധതി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ക്ഷീര സംഗമത്തിൻ്റെ ഭാഗമായി നടന്ന കന്നുകാലി പ്രദർശനം തൃക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കറവപ്പശു, കിടാരി, കന്നുക്കുട്ടി, നാടൻ പശുക്കൾ, എരുമ എന്നീ വിഭാഗങ്ങളിലായി നടന്ന കന്നുകാലി പ്രദർശന മത്സരത്തിൽ ഓരോ വിഭാഗത്തിലും വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്ഷീരകർഷകർക്ക് ആയി സംഘടിപ്പിച്ച ക്ഷീരവികസന സെമിനാറിൽ ആരോഗ്യകരമായ പാലുൽപാദനത്തെ മോശകരമാക്കുന്ന കന്നുകാലി രോഗങ്ങൾ എന്ന വിഷയത്തെപ്പറ്റി തൃശ്ശൂർ ജില്ലാ മൃഗസംരക്ഷണ വകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ വി ബി അജിതൻ ക്ലാസ് നയിച്ചു. ക്ഷീരവികസന വകുപ്പ് തൃശ്ശൂർ അസിസ്റ്റൻ്റ് ഡയറക്ടർ സി ശാലിനി 2025- 26 വർഷത്തെ പദ്ധതി വിശദീകരണം നടത്തി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ചന്ദ്രൻ അദ്ധ്യക്ഷനായ യോഗത്തിൽ കൊടകര ബ്ലോക്ക് സ്ഥിരം സമിതി അംഗം അഡ്വ. അൽജോ പുളിക്കൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി എസ് ബൈജു, കലാപ്രിയ സുരേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾസൺ തെക്കും പീടിക, തൃക്കൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത സുകുമാരൻ, തൃക്കൂർ ഗ്രാമപഞ്ചായത്ത് അംഗം അനു പനങ്കൂടൻ, ക്ഷീര വികസന ഓഫിസർ കെ ജി രശ്മി, തൃക്കൂർ ക്ഷീര സംഘം പ്രസിഡണ്ട് ഫ്രാൻസി ഷാജു, ക്ഷീരം സഹകരണ സംഘം പ്രവർത്തകർ, ജനപ്രതിനിധികൾ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.



