THRISSUR

തളിക്കുളം പഞ്ചായത്തില്‍ വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചു

തളിക്കുളം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേക്കും വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വാര്‍ഡുകളിലായി അഞ്ച് വാട്ടര്‍ കിയോസ്‌കുകള്‍ കൂടി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 6, 10, 13, 15, 16 എന്നീ വാര്‍ഡുകളിലേക്കുള്ള വാട്ടര്‍ കിയോസ്‌കുകളുടെ ഉദ്ഘാടനം തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത നിര്‍വഹിച്ചു.

കുടിവെള്ള പ്രശ്‌നം നേരിടുന്ന പ്രദേശങ്ങളിലേക്ക് തനത് കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു വര്‍ഷത്തെ വാറണ്ടി ഉള്‍പ്പെടെ ഒരു വാട്ടര്‍ കിയോസ്‌ക്കിന് അഞ്ച് ലക്ഷം രൂപ വീതം അഞ്ച് വാട്ടര്‍ കിയോസ്‌കുകള്‍ക്ക് 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. ഇതോടെ തളിക്കുളം പഞ്ചായത്തിലുള്ള വാട്ടര്‍ കിയോസ്‌ക്കുകളുടെ എണ്ണം പതിമൂന്നായി. 2025-26 വര്‍ഷത്തെ പദ്ധതി പ്രകാരം ആറ് വാട്ടര്‍ കിയോസ്‌ക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍കൂടി അന്തിമ ഘട്ടത്തിലാണ്. ഇതിനു പുറമേ അഞ്ച് എസ്.സി ഉന്നതി കേന്ദ്രങ്ങളിലേക്ക് തനത് കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്.

വിവിധ വാര്‍ഡുകളിലായി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങുകളില്‍ തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോഹരന്‍, വാര്‍ഡ് മെമ്പര്‍മാരായ ജീജ രാധാകൃഷ്ണന്‍, ഷൈജ കിഷോര്‍, ബിന്നി അറക്കല്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ.എം മെഹബൂബ്, ബുഷറ അബ്ദുള്‍ നാസര്‍, വാര്‍ഡ് മെമ്പര്‍മാരായ സി.കെ ഷിജി, കെ.കെ സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.