മയക്ക്മരുന്ന് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിനതടവും, ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ
69 ഗ്രാം എംഡിഎംഎയുമായി കാറില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് പ്രതികളായ രണ്ടുപേര്‍ക്ക് 10 വര്‍ഷം വീതം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് കൈതപ്പോയില്‍ സ്വദേശികളായ എ. ഷഫീര്‍ (35 വയസ്സ്) എ. നിജാമു (41 വയസ്സ്) എന്നിവരെയാണ് കല്‍പ്പറ്റ എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ജഡ്ജ് എല്‍. ജയവന്ത് ശിക്ഷ വിധിച്ചത്.
2021 ഡിസംബര്‍ മാസം 10-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് സുല്‍ത്താന്‍ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് പരിധിയില്‍ വരുന്ന മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (നിലവില്‍ തൃശ്ശൂര്‍ ജില്ലാ വിമുക്തി മാനേജരുമായ അസി. എക്സൈസ് കമ്മിഷണര്‍) എ.ആര് നിഗീഷും സംഘവും കണ്ടെടുത്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് എക്സൈസ് എന്‍ഫോഴ്സ്മെൻ്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന സജിത്ത് ചന്ദ്രനാണ്.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി ശ്രദ്ധാധരന്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എര്പ്പെടുന്ന മയക്ക്മരുന്ന് മാഫിയാ സംഘങ്ങള്‍ക്കെതിരായി ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.ജെ ഷാജി അറിയിച്ചു.



