THRISSUR

ക്രിയാത്മക ആശയങ്ങൾക്ക് ക്രിയേറ്റീവ് കോർണർ ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ജില്ലയിൽ 38 വിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു

ജീവിത നൈപുണികളും നല്ല മനോഭാവവും അറിവും ഒരു വ്യക്തിയിൽ വളർത്തിയെടുക്കുകയെന്ന വിദ്യാഭ്യാസത്തിൻ്റെ ആത്യന്തിക ലക്ഷ്യം രസകരമായും ക്രിയാത്മകമായും കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് ‘ക്രിയേറ്റീവ് കോർണർ’. വിവിധങ്ങളായ തൊഴിൽബന്ധിത പ്രവർത്തനങ്ങളെ കോർത്തിണക്കിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

വെള്ളാങ്ങല്ലൂർ, ചൊവ്വന്നൂർ എന്നിവിടങ്ങളിൽ നാല് വീതവും ഒല്ലൂക്കര, ചാലക്കുടി, വടക്കാഞ്ചേരി, കൊടകര, പഴയന്നൂർ എന്നിവിടങ്ങളിൽ മൂന്ന് വീതവും പുഴയ്ക്കൽ, മാള, ഇരിങ്ങാലക്കുട, ചാവക്കാട്, തൃശ്ശൂർ യു.ആർ.സി. എന്നിവിടങ്ങളിൽ രണ്ട് വീതവും തളിക്കുളം, മുല്ലശ്ശേരി, ചേർപ്പ്, മതിലകം, അന്തിക്കാട് എന്നിവിടങ്ങളിൽ ഓരോന്നും ഉൾപ്പെടെ ജില്ലയിൽ 38 വിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോർണർ ആരംഭിച്ചിട്ടുള്ളത്. .

പാചകം, കൃഷി, വസ്ത്ര നിർമ്മാണം, പ്ലംബിംഗ്, കാർപെൻഡിംഗ്, ഇലക്ട്രിക്കൽ തുടങ്ങിയ തൊഴിൽ മേഖലകളിലെ ഉപകരണങ്ങളെയും യന്ത്രങ്ങളെയും നേരിട്ട് മനസിലാക്കാനും ഉപയോഗിക്കാനുമുള്ള അവസരമാണ് ക്രിയേറ്റീവ് കോർണറിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്. അതിനായുള്ള ഉപകരണങ്ങൾ സ്കൂളുകളിലെ നിശ്ചിത സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ് റൂമിലെ വിവിധ വിഷയങ്ങളുടെ പഠന ലക്ഷ്യ പ്രാപ്തിക്ക് കുട്ടിയുടെ പ്രായത്തിനും പ്രകൃതത്തിനും ഇണങ്ങുന്ന തരത്തിൽ തൊഴിൽ പ്രവർത്തനങ്ങൾ നൽകി. കുട്ടികൾക്ക് സർഗാത്മകത പ്രദർശിപ്പിക്കുവാനുള്ള അവസരം നൽകുന്നതിനോടൊപ്പം പുത്തൻ ആശയങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനായി പ്രാദേശിക തൊഴിൽ വിദഗ്ധരെയും ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

പൊതുവിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി (5, 6, 7) ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുകയെന്ന ലക്ഷ്യമാണ് ‘ക്രിയേറ്റീവ് കോർണർ’ എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ചരലക്ഷം രൂപയാണ് ഓരോ യൂണിറ്റിൻ്റെയും നിർമ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്.

പാഠ്യപദ്ധതിയിലെ നിലവിലുള്ള പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവരിക്കാൻ ക്രിയേറ്റീവ് കോർണറിലൂടെ സാധിക്കും. കുട്ടികളിൽ ശരിയായ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിനും തൊഴിലും വിജ്ഞാനവും ഒരു കുടക്കീഴിൽ ഉൾപ്പെടുത്തേണ്ടതാണെന്ന ബോധ്യമുണ്ടാക്കാൻ പദ്ധതി സഹായകരമാകും.

വിവിധ തൊഴിൽ മേഖലകളിലെ ഉപകരണങ്ങളെ പരിചയപ്പെടുത്തുക, അവയുടെ പ്രവർത്തനരീതികളെയും സാധ്യതകളെയും പറ്റി അവബോധമുണ്ടാക്കുക. കുട്ടികളിൽ തൊഴിൽ മേഖലകളെക്കുറിച്ചുള്ള ശരിയായ മനോഭാവവും, തൊഴിൽ നൈപുണികളും ജീവിത നൈപുണികളും വളർത്തുക. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൂടുതൽ അർത്ഥ പൂർണ്ണമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങൾ. കൂടുതൽ സ്കൂളുകളിൽ ക്രിയേറ്റീവ് കോർണറുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.