ഏങ്ങണ്ടിയൂരിലെ കായലോരങ്ങളിൽ ഉപ്പ് വെള്ളം കയറുന്നതിന് പരിഹാരമാവുന്നു
മണപ്പാട് റെഗുലേറ്റർ ഉദ്ഘാടനം ഇന്ന് (26-08-2025)
ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ പ്രധാന പ്രശ്നമായ കായലോരങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് ശാശ്വത പരിഹാരമാവുകയാണ് എൻ.കെ അക്ബർ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നിർമ്മിക്കുന്ന വിവിധ റെഗുലേറ്ററുകളുടെ നിർമ്മാണത്തിലൂടെ.
ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ മണപ്പാട് സ്ലൂയിസ് ഷട്ടർ ഘടിപ്പിച്ചതിൻ്റെ ഉദ്ഘാടനവും മീൻകടവ്, അണ്ടാരത്തോട് സ്ലൂയിസ് ഷട്ടറുകളുടെ നിർമ്മാണോദ്ഘാടനവും എൻ.കെ അക്ബർ എംഎൽഎ ഇന്ന് നിർവഹിക്കും.
മഴ നിൽക്കുന്നതോടെ കായലിൽ നിന്ന് ഉപ്പുവെള്ളം കയറി പ്രദേശത്തെ ജലശ്രോതസ്സുകൾ കുടിവെള്ളത്തിനും നിത്യോപയോഗത്തിനും കൃഷിക്കും അനുയോജ്യമല്ലാതായി മാറുന്നത് പ്രദേശവാസികൾക്ക് വളരെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻ.കെ അക്ബർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ ചെലവഴിച്ച് മണപ്പാട് സ്ലൂയിസ് നിർമ്മിക്കുകയും 53.8 ലക്ഷം രൂപ ചെലവഴിച്ച് മീൻകടവ് സ്ലൂയിസും 51.9 ലക്ഷം രൂപ ചെലവഴിച്ച് അണ്ടാരത്തോട് സ്ലൂയിസ് എന്നിവ നിർമ്മിക്കുന്നതിനുമായി ആകെ 1,32,70,000 രൂപ ചെലവഴിച്ച് റോളിംഗ് ഷട്ടറുകൾ ഘടിപ്പിക്കുന്നത്. ഉപ്പുവെള്ളം തട്ടി തുരുമ്പെടുക്കാത്തതും തുറക്കുന്നതിനും അടയ്ക്കുന്നതിനും കർഷകർക്ക് സൗകര്യപ്രദമായതുമായ ഉരുക്ക് ഷട്ടറുകളാണ് സ്ലൂയിസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കായലോരത്തെ പ്രദേശവാസികൾക്ക് ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയാണ്.



