General

കാരുണ്യത്തിൻ്റെയും മനുഷ്യസ്‌നേഹത്തിൻ്റെയും മാതൃത്വത്തിൻ്റെയും പ്രതീകമാണ് മദര്‍ തെരേസ: മന്ത്രി ഡോ. ആര്‍. ബിന്ദു

മദർ തെരേസ ദിനാചരണം ഉദ്ഘാടനം ചെയ്തു

കാരുണ്യത്തിൻ്റെയും മനുഷ്യസ്‌നേഹത്തിൻ്റെയും മാതൃത്വത്തിൻ്റെയും പ്രതീകമാണ് മദര്‍ തെരേസയെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. സാമൂഹ്യനീതി വകുപ്പ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിൻ്റെ ആഭിമുഖ്യത്തില്‍ നടത്തിയ മദര്‍ തെരേസ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ലോകത്ത് ആരും അനാഥരല്ലെന്ന് ഉദ്‌ഘോഷിച്ച ഉന്നത വ്യക്തിയായിരുന്നു മദര്‍ തെരേസ. നമ്മുടെ ലോകചരിത്രത്തില്‍ മാനവികതയുടെയും ജീവകാരുണ്യത്തിൻ്റെയും പ്രകാശഗോപുരമായി നിലകൊള്ളുന്ന മഹത് വ്യക്തിത്വത്തെ അനുസ്മരിക്കുമ്പോള്‍ സംസ്ഥാനത്തെമ്പാടുമുള്ള അഗതിമന്ദിരങ്ങളിലെ അന്തേവാസികളായ എല്ലാ സഹോദരീ സഹോദരങ്ങളേയും നമ്മള്‍ ചേര്‍ത്തു പിടിക്കുകയാണ്. സാമൂഹികനീതി വകുപ്പിൻ്റെ ആപ്തവാക്യമായ ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ എന്നതാണ് മദര്‍ തെരേസ ദിനത്തില്‍ പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു. അഗതികളുടെ അമ്മയെന്നാണ് മദര്‍ തെരേസയെ ലോകം സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. ആരും ഈ ലോകത്ത് തനിച്ചല്ല ആരും ഒറ്റപ്പെട്ടു പോകരുത് എന്ന ഇച്ഛാശക്തിയോടെ കൂട്ടായ്മയുടെ കരുത്തോടെ അവര്‍ക്ക് വേണ്ട പിന്തുണ ഉറപ്പാക്കണം എന്നാണ് അമ്മയുടെ ഓര്‍മ്മയെ മുന്‍നിര്‍ത്തി പറയാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മനുഷ്യസ്‌നേഹത്തിൻ്റെ കരങ്ങള്‍ എപ്പോഴും എല്ലാവരുടെയും കൂടെയുണ്ട്. ആരെങ്കിലും നമ്മെ ചേര്‍ത്തുപിടിക്കാന്‍ ഉണ്ടാകുമെന്ന സന്ദേശമാണ് അമ്മയുടെ ഓര്‍മ്മയില്‍ പകര്‍ന്ന് നല്‍കുന്നത്. അമ്മയുടെ ഓര്‍മ്മകള്‍ മുന്‍നിര്‍ത്തി സാമൂഹ്യനീതി വകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും ഏറ്റവും നല്ല നിലയില്‍ തന്നെ കടമകള്‍ നിറവേറ്റുമെന്നത് ദൃഢ പ്രതിജ്ഞയാണെന്നും മന്ത്രി പറഞ്ഞു. ആധുനിക ജീവിതശൈലിയുടെ ഭാഗമായി കുടുംബത്തില്‍ എല്ലാവര്‍ക്കും തിരക്കേറുന്ന സന്ദര്‍ഭത്തില്‍ മനുഷ്യന്‍ പ്രായമേറുമ്പോള്‍ നിരുപാധികം ഉപേക്ഷിക്കപ്പെടുന്ന കാലമാണിത്. ഉപയോഗിച്ച് വലിച്ചെറിയുക എന്ന് ആഹ്വാനം നടത്തുന്ന സംസ്‌കാരമാണ് വികസിത മുതലാളിത്തത്തിനുള്ളത്. അതുകൊണ്ടുതന്നെ ഒട്ടനേകം പേരെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥാപനങ്ങളിലും സാമൂഹികനീതി വകുപ്പിൻ്റെ സ്ഥാപനങ്ങളിലും ഏറ്റെടുക്കേണ്ടി വരുന്നു എന്നും മന്ത്രി പറഞ്ഞു.

1960 ല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രസ്ഥാനമാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് 1962 മുതല്‍ വിവിധ സ്ഥാപനങ്ങളെ ചേര്‍ത്തുപിടിച്ചു പ്രവര്‍ത്തിച്ചു വരുകയാണ്. മദര്‍ തെരേസയുടെ അനുസ്മരണ ദിനത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിൻ്റെ കീഴിലുള്ള എല്ലാ മന്ദിരങ്ങളിലെയും അന്തേവാസികള്‍ക്ക് പ്രത്യേക വേദികള്‍ സൃഷ്ടിച്ചുകൊണ്ടാണ് ആചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബോര്‍ഡിൻ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കും റേഷന്‍, വൈദ്യുതി, ജലവിതരണം എന്നീ കാര്യങ്ങളില്‍ ഗവണ്‍മെൻ്റ് സബ്‌സിഡിയും കെട്ടിടനികുതി ഇളവും നല്‍കിവരുന്നു. വൃദ്ധസദനങ്ങള്‍, ഭിന്നശേഷി സ്ഥാപനങ്ങള്‍, സ്ത്രീ സംരക്ഷണകേന്ദ്രങ്ങള്‍, ശിശു സംരക്ഷണകേന്ദ്രങ്ങള്‍ തുടങ്ങി 1813 ക്ഷേമ സ്ഥാപനങ്ങളാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിൻ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. എഴുപത്തിയൊന്നായിരത്തിലധികം അന്തേവാസികള്‍ക്ക് ശാരീരികവും മാനസികവുമായ സ്വാസ്ഥ്യം ഉറപ്പാക്കുന്ന പരിപാടികള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് സാമൂഹികനീതി വകുപ്പ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ 40 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് ശാസ്ത്രീയമായി പരിശീലനം നല്‍കുന്ന വര്‍ക്ക്‌ഷോപ്പുകളും വകുപ്പ് സംഘടിപ്പിച്ചു. കൂടാതെ ഹോമുകളിലെ ഓരോ അന്തേവാസികള്‍ക്കും 1100 രൂപ നിരക്കില്‍ പ്രതിമാസ ഗ്രാന്റാണ് നിലവില്‍ നല്‍കുന്നത്. ഗ്രാൻ്റ് എത്രയും പെട്ടെന്ന് വര്‍ദ്ധിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

199 വൃദ്ധസദനങ്ങള്‍, 34 പി.എച്ച് ഫോമുകള്‍, ആറ് സംരക്ഷണ ഭവനങ്ങള്‍ ഉള്‍പ്പെടെ 239 ക്ഷേമ സ്ഥാപനങ്ങള്‍ക്കാണ് സാമൂഹികനീതി വകുപ്പിൻ്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് ഗ്രാൻ്റ് നല്‍കിവരുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ 27 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ജില്ലാ സാമൂഹിക നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജോയ്സി സ്റ്റീഫനെ മന്ത്രി ഡോ. ആര്‍. ബിന്ദു ആദരിച്ചു.

തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. അലി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ എം.കെ. സിനുകുമാര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ.ആര്‍. പ്രദീപന്‍ തുടങ്ങിയര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.