കാട്ടൂർ ഗ്രാമപഞ്ചായത്ത് ഗ്രാമീണ മാർക്കറ്റ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
കാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ മത്സ്യ-മാംസ തദ്ദേശീയ ഉത്പന്ന വിപണന മാർക്കറ്റ് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇത്തരം മാർക്കറ്റുകളിലൂടെ പഞ്ചായത്തിലെ പ്രാദേശിക ഉത്പന്നങ്ങൾ വിപണനം ചെയ്യാനും അതിലൂടെ പഞ്ചായത്തിൻ്റെ സാമ്പത്തിക അടിത്തറ ഉയർത്താനും സാധിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെയും പഞ്ചായത്തിലെയും വികസന നേട്ടങ്ങളെ കുറിച്ച് മന്ത്രി വിശദീകരിച്ചു.
മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാഷിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു ഘട്ടങ്ങളിലായി ലഭിച്ച ഒരു കോടി രൂപയും കാട്ടൂർ പഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നും 12,39,736 രൂപയും ചെലവഴിച്ചാണ് മാർക്കറ്റ് നിർമ്മിച്ചത്.
മാർക്കറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. വി ലത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് മുഖ്യാതിഥിയായി.
കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എം കമറുദ്ദീൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.സി രാമ ഭായ്, പി. എസ് അനീഷ്, രഹി ഉണ്ണികൃഷ്ണൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അമിത മനോജ്, വി.എ ബഷീർ, വാർഡ് മെമ്പർമാരായ വിമല സുഗുണൻ, ജയശ്രീ സുബ്രഹ്മണ്യൻ, സി.സി സന്ദീപ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി എ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.



