THRISSUR

തൃശ്ശൂർ ആർ.ഡി.ഒ. ഓഫീസിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ

തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസ് ഐഎസ്ഒ 9001:2015 സർട്ടിഫിക്കേഷൻ നേടി. സംസ്ഥാനത്ത് മൂന്നാമത്തെയും ജില്ലയിൽ ആദ്യത്തെയും ആർ.ഡി.ഒ. ഓഫീസിന് ലഭിച്ച അംഗീകാരമാണിത്. സർട്ടിഫിക്കേഷൻ പ്രഖ്യാപനവും നവീകരിച്ച സബ് കളക്ടർ ചേമ്പറിൻ്റെ ഉദ്ഘാടനവും റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു.

ഗുണമേന്മാ സംവിധാനം ഉറപ്പുവരുത്തി ജനങ്ങൾക്ക് മികച്ച സേവനം നൽകുക എന്നതാണ് സർട്ടിഫിക്കേഷൻ്റെ ലക്ഷ്യം. ഫ്രണ്ട് ഓഫീസ് സൗകര്യം നവീകരിച്ചതോടൊപ്പം, മൂന്നു മിനിറ്റിനകം ആവശ്യമായ ഫയലുകൾ കണ്ടെത്താൻ കഴിയുന്ന രീതിയിൽ റെക്കോർഡ് റൂം ഒരുക്കിയിട്ടുണ്ട്. സബ് കളക്ടറുടെ ചേമ്പറടക്കം ഭൗതിക സൗകര്യങ്ങളും ജീവനക്കാർക്കുള്ള ക്യാമ്പിനുകളും പുതുക്കി സജ്ജീകരിച്ചു.

പൊതുജനസൗഹാർദ്ദമായ രീതിയിൽ സിറ്റിംഗ് ഏരിയ, ഫീഡിംഗ് റൂം തുടങ്ങി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ സംവിധാനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നു. സർട്ടിഫിക്കേഷൻ്റെ കാലാവധി മൂന്ന് വർഷമാണ്. കില കൺസൾട്ടൻസി മാർഗ്ഗ നിർദ്ദേശങ്ങളുടെ പിന്തുണ ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിക്കാൻ സഹായിച്ചു.

പി. ബാലചന്ദ്രൻ എം.എൽ.എ., ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.