THRISSUR

നിറവ് തൊഴില്‍മേളയില്‍ 31 പേര്‍ക്ക് നിയമനം

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തില്‍ ഓണത്തിന് ഒരു ലക്ഷംപേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യത്തോടെ വിജ്ഞാനകേരളം സംഘടിപ്പിച്ച പ്രാദേശിക തൊഴില്‍മേളയായ ‘നിറവ് 2025’ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. തൊഴില്‍മേളയില്‍ 248 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. 31 പേര്‍ക്ക് വിവിധ മേഖലകളില്‍ നിയമനം ലഭിച്ചു. 98 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ആറ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള വനിതകളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍മേളയുടെ ഭാഗമായി.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രശാന്തി അധ്യക്ഷത വഹിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. പത്മജ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ശ്രീജയന്‍, പഞ്ചായത്ത് അംഗങ്ങളായ ഗീത രാധാകൃഷ്ണന്‍, പി.എം. നൗഫല്‍, എ.ഇ. ഗോവിന്ദന്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ (എംപവര്‍മെൻ്റ്) വി.ജെ. ബൈജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആല്‍ഫ്രഡ് സോജന്‍ എന്നിവര്‍ സംസാരിച്ചു.