പുന്നയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ മന്ദലാംകുന്ന് സബ് സെൻ്റര്‍ നാടിന് സമര്‍പ്പിച്ചു
പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മന്ദലാംകുന്ന് സബ് സെൻ്റര്‍ നാടിന് സമര്‍പ്പിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ലക്ഷം രൂപ ചെലവഴിച്ചാണ് സബ് സെൻ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നഴ്സിങ് സ്റ്റേഷന്, വെയിറ്റിംഗ് ഹാള്‍, കണ്സള്ട്ടേഷന് റൂം, നഴ്സുമാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചടങ്ങില്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എഞ്ചിനീയര്‍ സുജാത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റഹീം വീട്ടിപ്പറമ്പില്‍, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.എ. വിശ്വനാഥന്, എ.കെ. വിജയന്, പഞ്ചായത്ത് അംഗങ്ങളായ അസീസ് മന്ദലാംകുന്ന്, ചിതു രാജേഷ്, പൊതുപ്രവര്‍ത്തകരായ വി.കെ. ഇര്‍ഷാദ്, പി.വി. ജാബിര്‍, ഡോ. ടി.ജി. നിത എന്നിവര്‍ സംസാരിച്ചു.



