THRISSUR

ഒരുമനയൂരിൽ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു

വാട്ടർ ടാങ്കിന് ഭൂമി ഏറ്റെടുത്തു

ശുദ്ധജല ക്ഷാമം നേരിടുന്ന ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുത്തതോടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവുകയാണ്. പഞ്ചായത്ത്‌ വികസന ഫണ്ട് ചെലവഴിച്ചു ഒരുമനയൂർ പഞ്ചായത്ത് വാങ്ങിയ 15 സെൻ്റ് സ്ഥലത്തിൻ്റെ പ്രമാണം എൻ.കെ അക്ബർ എംഎൽഎ വാട്ടർ അതോറിറ്റിക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ഇതുവരെ പൊക്കുളങ്ങര വാട്ടർ ടാങ്ക് വഴിയായിരുന്നു ഒരുമനയൂർ പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം നടത്തിയിരുന്നത്. എന്നാൽ ദേശീയപാത 66ൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായി പൊക്കുളങ്ങര ടാങ്ക് പൊളിച്ചു മാറ്റിയതോടെ ഒരുമനയൂർ പഞ്ചായത്തിലേക്കുള്ള കുടിവെള്ള ശേഖരണം പ്രതിസന്ധിയിലായി. ഇതോടെയാണ് പുതിയ ടാങ്ക് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പിലാക്കുന്നത്.
ഏറ്റെടുത്ത ഭൂമിയിൽ ജലജീവന്‍ പദ്ധതി പ്രകാരം മൂന്ന് കോടി രൂപ ചിലവഴിച്ചുകൊണ്ട് കുടിവെള്ള ടാങ്ക് നിർമ്മാണം ആരംഭിക്കും
.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എച്ച് കയ്യുമ്മു, കെ.വി രവീന്ദ്രൻ, ഇ.ടി ഫിലോമിന, ബ്ലോക്ക് മെമ്പർ ആഷിത, വാർഡ് മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജുഫെയർ, ബിന്ദു ചന്ദ്രൻ, വി.സി ഷാഹിബാൻ, കെ.ജെ ചാക്കോ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി ഫ്രാൻസിസ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സുലൈഖ കാദർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖ. പി നായർ, പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് തുടങ്ങിയവർ സംസാരിച്ചു.