THRISSUR

അന്നമനട ജിയു പി സ്കൂളിൽ “ചങ്ങാതിക്ക് ഒരു തൈ ” പദ്ധതി ഉദ്ഘാടനം ചെയ്തു

അന്നമനട ജി യു പി സ്കൂളിൽ “ചങ്ങാതിക്ക് ഒരു തൈ ” പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പിവി വിനോദ് ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതിയുടെ,ഒരു കോടി ജനകീയ വൃക്ഷവത്ക്കരണം- ഒരു തൈ നടാം ക്യാമ്പയിൻ്റെ ഭാഗമായി ഹരിത കേരളം മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിനാണ് “ചങ്ങാതിക്ക് ഒരു തൈ” എന്ന പദ്ധതി അന്നമനട പഞ്ചായത്ത് നടപ്പിലാക്കുന്നത്.

മാവ്,പ്ലാവ്, പേര, സപ്പോട്ട, ചാമ്പ, അരിനെല്ലി, ആര്യവേപ്പ്, കറിവേപ്പില, മുരിങ്ങ എന്നിങ്ങനെയുള്ള വിവിധതരം വൃക്ഷത്തൈകൾ കുട്ടികൾ കൊണ്ടുവന്നു. കുട്ടികൾ പരസ്പരം കൈമാറിയ വൃക്ഷത്തൈകൾ വീടുകളിൽ കൊണ്ടുപോയി നട്ടു പിടിപ്പിക്കുന്നതിനും അതിനെ പരിപാലിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകി.

ഗ്രാമ പഞ്ചായത്തംഗം കെ എ ബൈജു, പ്രധാന അധ്യാപിക സൈന ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു.