ആനന്ദപുരം – നെല്ലായി റോഡ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിൻ്റെ പ്രധാന ജില്ലാതല പാതയായ ആനന്ദപുരം – നെല്ലായി റോഡിൻ്റെ പൂര്‍ത്തീകരണോദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 10 കോടി 76 ലക്ഷം രൂപ ചിലവിലാണ് റോഡിൻ്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പശ്ചാത്തല വികസനത്തിൻ്റെ കാര്യത്തില്‍ കേരളം മുന്‍പിലാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. റോഡ്, പാലം, കെട്ടിട നിര്‍മ്മാണ മേഖലകളിലെല്ലാം മുന്നേറ്റം സാധ്യമായിട്ടുണ്ട്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള അറുപത് ശതമാനം റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് മാറ്റാന്‍ സാധിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുരിയാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കുകയും ചെയ്തു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി അധ്യക്ഷത പ്രസംഗത്തില്‍ പറഞ്ഞു. നാടിൻ്റെ സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ.കെ രാമചന്ദ്രന്‍ എംഎല്‍എ വിശിഷ്ടാതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ അനൂപ്, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ ജോജോ, ഇരിങ്ങാലക്കുട നിരത്ത് ഉപ വിഭാഗം അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.പി റാബിയ, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



