THRISSUR

പുലിത്താളത്തിൽ ആറാടി തൃശ്ശൂർ

ആഘോഷങ്ങളിലെല്ലാം തനിമ നിലനിർത്തുന്ന തൃശ്ശൂരിൽ, അരമണി കിലുക്കി കുടവയർ കുലുക്കി പുലിത്താളം ചവിട്ടി സാംസ്കാരിക നഗരത്തിൻ്റെ ഹൃദയം കീഴടക്കി പുലിക്കൂട്ടങ്ങൾ. ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുലിക്കളി നാടും നഗരവും ഏറ്റെടുത്തു. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ലെയ്ൻ, ചക്കാമുക്ക്, നായ്ക്കനാൽ, വിയ്യൂർ, ശങ്കരംകുളങ്ങര, വെളിയന്നൂർ, പാട്ടുരായ്ക്കൽ തുടങ്ങി ഒൻപത് ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടിൽ അണിനിരന്നത്.

ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിച്ച വെളിയന്നൂർ ദേശത്തിന് തെക്കേഗോപുരനടയിൽ റവന്യൂ മന്ത്രി കെ. രാജൻ, എം.എൽ.എമാർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചതോടെ പുലിക്കളി ആഘോഷങ്ങൾക്ക് തുടക്കമായി. തൃശ്ശൂർ മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി, റെസ്പോൺസിബിൾ ടൂറിസം പ്രചാരകരായ 12 അംഗ അന്താരാഷ്ട്ര സംഘവും പുലിക്കളി കാണാൻ എത്തിയിരുന്നു.

പുലിക്കളി കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് തൃശ്ശൂർ കോർപ്പറേഷൻ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഒരുക്കിയിരുന്നു. പങ്കെടുത്ത ഓരോ പുലിക്കളി സംഘത്തിനും 3,12,500 രൂപ വീതം കോർപ്പറേഷൻ സാമ്പത്തിക സഹായവും നൽകി. പുലിക്കളി സംഘങ്ങൾക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൊതുജനങ്ങൾക്കായി മെഡിക്കൽ സൗകര്യവും സൗജന്യ കുടിവെള്ള വിതരണവും കോർപ്പറേഷൻ സജ്ജമാക്കി.