THRISSUR

കുട്ടികളുടെ ജിജ്ഞാസയാണ് പഠനത്തിൻ്റെ പ്രചോദനം: മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട: സമൂഹത്തിന് പുത്തനാശയങ്ങൾ നൽകുവാനും അതിനെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുപോകാനും കഴിവുള്ള വിദ്യാർത്ഥികളായിരിക്കണം നവകേരളത്തിൻ്റെ മുന്നിൽ നടക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ഉദ്ഘാടനങ്ങൾ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണോദ്ഘാടനവും, എസ്. എസ്. കെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ക്രിയേറ്റീവ് കോർണറിൻ്റെ ഉദ്ഘാടനവും, എച്ച്.എസ്.എസ് വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിൻ്റെ ആരംഭവുമാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

ഇരിങ്ങാലക്കുട ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടനും മുൻ എംപിയുമായ ഇന്നസെൻ്റിൻ്റെ നാമധേയത്തിലാണ് ഓഡിറ്റോറിയം ഒരുങ്ങുന്നത്. നൂതനാശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിലൂടെ സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളുള്ള വിദ്യാലയങ്ങൾ ഉണ്ടാകണമെന്ന പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും പശ്ചാത്തല വികസനം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് അകറ്റാനുള്ള പരിശ്രമമാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സംഭാവന ചെയ്യുന്ന പ്രസ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട എംഎൽഎയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 99 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകളും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഇരിങ്ങാലക്കുട ബി.ആർ.സിയുടെ നേതൃത്വത്തിൽ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് വിദ്യാലയത്തിൽ ക്രിയേറ്റീവ് കോർണർ നിർമ്മിച്ചത്.

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പിഡബ്ല്യുഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിമേഷ് പുഷ്പൻ ഓഡിറ്റോറിയത്തിൻ്റെ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ എം.കെ മുരളി, ബി. ആർ. സി. ബി പി സി സത്യപാലൻ, പി ടി എ പ്രസിഡണ്ട് വി. ഭക്തവത്സലൻ, എസ്.എം. സി ചെയർമാൻ അഹമ്മദ് ഫസലുളള, വി.എച്ച്.എസ്. ഇ പ്രിൻസിപ്പാൾ സൂരജ് ശങ്കർ, ഹെഡ്മിസ്ട്രസ് ടി. കെ ലത, സ്കൗട്ട് ഡി.ഒ.സി ജയപ്രകാശ് കെ. ഡി , ഗൈഡ്സ് ഡി.ടി.സി ഐഷാബി പി.എം എന്നിവർ പങ്കെടുത്തു.