അവണിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
അവണിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു.
‘എല്ലാവർക്കും ഭൂമി , എല്ലാ ഭൂമിക്കും രേഖ’ എന്ന ആശയം രാജ്യത്തിൻ്റെ ചരിത്രത്തിൽ ഈ സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും ശ്രദ്ധേയമായ മുദ്രാവാക്യങ്ങളിൽ ഒന്നാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെയിൽ നാല് ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു. ഈ സർക്കാർ അധികാരം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അഞ്ച് ലക്ഷം പട്ടയങ്ങൾ എന്ന വിധത്തിൽ അതിനെ പൂർത്തീകരിക്കാനുള്ള പരിശ്രമത്തിലേക്ക് നാം ഇപ്പോൾ പോയിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ കേരള മോഡൽ ഉണ്ടായത് ഭൂപരിഷ്കരണം എന്ന ആശയത്തിലൂടെയാണ്. മറ്റു പല സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ ഭൂപരിഷ്കരണം സാമൂഹ്യ നീതിയിൽ അധിഷ്ഠിതമാണ് എന്നുള്ളതുകൊണ്ട് തന്നെ ലോകത്തിനു മുമ്പിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായി ഇത് മാറി, ലക്ഷക്കണക്കിന് ആളുകളെ ഭൂമിയുടെ ഉടമകളാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സി.സി മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുത്തു.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ രാധാകൃഷ്ണൻ, അവണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹരി സി. നരേന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ഐ ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോസിലി ജോയ്, സി.കെ സുനിൽകുമാർ, വാർഡ് മെമ്പർമാരായ കെ.എ പ്രദീപ്, സബ് കളക്ടർ അഖിൽ വി മേനോൻ, എ.ഡി.എം ടി. മുരളി, തഹസിൽദാർ ടി. ജയശ്രീ, രാഷ്ട്രീയ പാർട്ടി പ്രതിനിധി സി.എം ബാലസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.



