THRISSUR

സി.വി ശ്രീരാമന്‍ സാംസ്‌കാരിക നിലയം നിര്‍മ്മാണോദ്ഘാടനം ഇന്ന്

കുന്നംകുളം: എ.സി മൊയ്തീന്‍ എം.എല്‍.എയുടെ ശ്രമഫലമായി കുന്നംകുളത്ത് നിര്‍മ്മിക്കുന്ന സി.വി ശ്രീരാമന്‍ സാംസ്‌കാരികനിലയത്തിൻ്റെ നിര്‍മ്മാണോദ്ഘാടനം സിനിമാതാരവും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ ഇന്ന് വൈകീട്ട് 4.30 ന് നിര്‍വ്വഹിക്കും. കുന്നംകുളം മധുരക്കുളം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എ.സി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കുന്നംകുളത്തുകാരുടെ നിരന്തര ആവശ്യമായിരുന്ന മലയാള സാഹിത്യകാരന്‍ സി.വി ശ്രീരാമന്‍ സാംസ്‌കാരിക നിലയത്തിന് എ.സി മൊയ്തീന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 80 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായിരുന്നു. കുന്നംകുളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മധുരക്കുളത്തിനോട് ചേര്‍ന്ന സ്ഥലത്താണ് സ്മാരകം നിര്‍മ്മിക്കുക.

തദ്ദേശവകുപ്പിൻ്റെ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 5000 ച. അടി വിസ്തീര്‍ണ്ണമുണ്ടാകും. ഓഫീസ്, മീറ്റിംഗ് ഹാള്‍, വായനാമുറികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സാംസ്‌കാരിക നിലയം നിര്‍മ്മിക്കുന്നത്. കുന്നംകുളത്തെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് സാംസ്‌കാരിക നിലയം വലിയൊരു മുതല്‍ക്കൂട്ടാകും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി.കെ വാസു, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണന്‍, നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്‍, കഥകളി കലാകാരന്‍ പീശപ്പിള്ളി രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും.