THRISSUR

മാരാങ്കോട്, രണ്ടു കൈ ഉന്നതികളില്‍ ജില്ലാ കളക്ടർ സന്ദര്‍ശനം നടത്തി

കോടശ്ശേരി: ചാലക്കുടി താലൂക്കിലെ മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന അരേക്കാപ്പ്, വീരാങ്കുടി ഉന്നതികളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കശുമാവിന്‍ തോട് ഉന്നതിയിലും രണ്ടു കൈ ഉന്നതിയിലും ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ സന്ദര്‍ശനം നടത്തി.

46 കുടുംബങ്ങള്‍ താമസിക്കുന്ന കശുമാവിന്‍ തോട്ടിലെ പുനരധിവാസ സ്ഥലത്തെത്തിയ ജില്ലാ കളക്ടറും സംഘവും ഉന്നതിയിലുള്ളവരുമായി സംസാരിച്ചു. ഉന്നതിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുടങ്ങിക്കിടക്കുന്ന ഇ ഗ്രാന്റ്‌സ് അടിയന്തരമായി ലഭ്യമാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിനും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രണ്ടുകൈ ഉന്നതിയിലേക്കുള്ള ഗതാഗത സൗകര്യവും വൈദ്യുതിയും വീടില്ലാത്തവര്‍ക്ക് വീടൊരുക്കുന്നതിനും ഉന്നതിയിലെ കാനയുടെ സൈഡ് കെട്ടുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ രണ്ടു കൈ ഉന്നതിയിലുള്ള കോടശ്ശേരി ഗ്രാമപഞ്ചായയത്ത് ജനകീയ ആരോഗ്യകേന്ദ്രവും സന്ദര്‍ശിച്ചു. കോടശ്ശേരി പഞ്ചായത്തിലെ ജനപ്രതിനിധികളും പട്ടികവര്‍ഗ്ഗ വികസനവകുപ്പ്, വനം വകുപ്പ്, റവന്യു വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറോടൊപ്പം ഉന്നതി സന്ദര്‍ശനത്തിനുണ്ടായിരുന്നു.