വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മടക്കത്തറ ഗ്രാമപഞ്ചായത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹനൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ നിത്തു ത്യാഗരാജ് പദ്ധതി വിശദീകരിച്ചു.
2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 16 വാർഡുകകളിൽ ബി.പി.എൽ കുടുംബങ്ങളിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ള വയോജനങ്ങൾക്ക് സഹായ ഉപകരണ വിതരണ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി രണ്ട് മാസങ്ങൾക്കകം വോക്കർ, വീൽ ചെയർ, ശ്രവണ സഹായി എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം. കല്ലേറ്റുംകര നിപ്മറിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി മെഡിക്കൽ പരിശോധന നടത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇടം ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി പ്രശാന്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി രാമചന്ദ്രൻ, വാർഡ് മെമ്പർ സുകന്യ ബൈജു തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് ജാഗ്രത സമിതി കോർഡിനേറ്റർ രഞ്ജിനി, അങ്കണവാടി അധ്യാപകർ, സഹായികൾ തുടങ്ങിയവർ പങ്കെടുത്തു.



