THRISSUR

കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് ആംബുലൻസ് കൈമാറലും, ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തന ഉദ്ഘാടനവും നടന്നു

കുന്നംകുളം: കുന്നംകുളം നഗരസഭയ്ക്ക് കീഴിലെ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് എ.സി മൊയ്തീന്‍ എം.എല്‍ എയുടെ 2023-24 ആസ്തി വികസന പദ്ധതിയില്‍ നിന്നും 25.88 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ആധുനിക ആംബുലന്‍സിന്റെ കൈമാറല്‍, 2022-23 ആസ്തി വികസന പദ്ധതിയില്‍ നിന്നും 19.53 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മൂന്ന് ഡയാലിസിസ് മെഷിന്റെ പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ നടന്നു. എ.സി മൊയ്തീന്‍ എംഎല്‍എ ആംബുലന്‍സ് ഫ്ലാഗ് ഓഫും ഡയാലിസിസ് പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എസ് സി, എസ് ടി കമ്മീഷന്‍ അംഗം ടി.കെ വാസു മുഖ്യാതിഥിയായി.

കുന്നംകുളത്തു നിന്നും സമീപ ജില്ലകളായ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ദിവസേന ഏകദേശം 1200 നു മുകളിൽ രോഗികൾ താലൂക്ക് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിൽ ചികിത്സ തേടുന്നുണ്ട്. ആശുപത്രിയിൽ ഒരു ആംബുലൻസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പലപ്പോഴും വി.ഐ.പി സന്ദര്‍നങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കേണ്ടിവന്നിരുന്നു. പാവപ്പെട്ട രോഗികൾക്ക് ആശുപത്രിയിലെ ആംബുലൻസിന്റെ സേവനം ശരിയായ രീതിയില്‍ ലഭിക്കാത്തത് മൂലം സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഈ വിഷയം ആശുപത്രി അധികൃതര്‍ എംഎല്‍എയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ആധുനിക ആംബുലന്‍സ് ലഭ്യമാക്കിയത്.

ആശുപത്രിയിൽ എട്ട് ഡയാലിസിസ് മെഷീന്‍ ഉപയോഗിച്ച് മൂന്ന് ഷിഫ്റ്റ് ആയാണ് രോഗികൾക്ക് ഡയാലിസിസ് നൽകി വന്നിരുന്നത്. ദിവസം 22 ഡയാലിസിസുകള്‍ മാത്രമാണ് നടന്നിരുന്നത്. കൂടുതൽ ഡയാലിസിസുകള്‍ നടക്കുന്ന ആശുപത്രിയായതിനാൽ മെഷിനുകൾക്കു കേടുപാടുകൾ സംഭവിക്കാനിടയായി. തുടര്‍ന്ന് ഈ വിഷയവും എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് മൂന്ന് ഡയാലിസിസ് മെഷീനുകള്‍ ലഭ്യമാക്കിയത്. 10 ഡയാലിസിസ് മെഷീന്‍ ദിവസേന ഉപയോഗിക്കാനും ഒരെണ്ണം കരുതലിനുമായാണ് സജ്ജമാക്കിയിട്ടുള്ളത്. പുതിയ മെഷീനുകള്‍ കൂടി വന്നതോടെ ദിവസവും 33 ഡയാലിസിസുകള്‍ ചെയ്യാനാകും. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗൺസിലർ ലെബീബ് ഹസ്സന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഇന്‍ചാര്‍ജ്ജ് ഡോ. നിര്‍മ്മല്‍, ആശുപത്രി സൂപ്രണ്ട് എ.വി മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.