THRISSUR

തീരത്തോടുചേർന്ന് അനധികൃത മീൻപിടിത്തം

അഴീക്കോട്: തീരത്തോടുചേർന്ന് കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃതമായി കരവലി നടത്തിയ ചാവക്കാട് സ്വദേശി സനൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള തീർത്ഥം രണ്ട് എന്ന ബോട്ട് പിടിച്ചത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കോട് ഹാർബറിൽ പരസ്യ ലേലം ചെയ്ത്‌ ലഭിച്ച 1,17,100 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും 2,50,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത്. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ കെ.പി ഗ്രേസ്സി, മറൈൻ എൻഫോഴ്സ്മെൻ്റ് ആൻ്റ് വിജിലൻസി വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനിൽകുമാർ, റെസ്‌ക്യൂ ഗാർഡുമാരായ പ്രമോദ്, കൃഷ്ണപ്രസാദ് എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്. വരും ദിവസങ്ങളിൽ ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും രാത്രിയും പകലും പ്രത്യേക സംഘത്തിൻ്റെ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഷിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി സീമ അറിയിച്ചു.