ഇരിങ്ങാലക്കുടയുടെ ആദ്യ ഡെസ്റ്റിനേഷൻ ടൂറിസം കേന്ദ്രം ശ്രദ്ധേയമാകുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയായ പൊതുമ്പുചിറയോരം സംസ്ഥാന ടൂറിസം മാപ്പിൽ ശ്രദ്ധ നേടുകയാണ്. പ്രദേശത്തിൻ്റെ പ്രകൃതി സൗന്ദര്യവും ശാന്തതയും വിനോദസൗകര്യങ്ങളുമായി ചേർത്ത് നാടിൻ്റെ ടൂറിസം ഭൂപടത്തിൽ പുതിയൊരു ആകർഷണമായി പൊതുമ്പുചിറ മാറുന്നു. പ്രകൃതിയെയും ജനജീവിതത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വിനോദകേന്ദ്രം, ഗ്രാമീണ ടൂറിസത്തിൻ്റെ മികച്ച മാതൃകയാണ്. സംസ്ഥാന ടൂറിസം വകുപ്പിൻ്റെ 50 ലക്ഷം രൂപ, ഇരിങ്ങാലക്കുട എം.എൽ.എ ഡോ. ആർ. ബിന്ദുവിൻ്റെ വികസനനിധിയിൽ നിന്നും 25 ലക്ഷം രൂപ, മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ 21 ലക്ഷം രൂപ എന്നിവ ഉപയോഗിച്ചാണ് പൊതുമ്പുചിറയോര ടൂറിസം പദ്ധതി
യാഥാർഥ്യമാക്കിയത്. ഡോ. ആർ. ബിന്ദുവിൻ്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതിപ്രദേശത്തേക്കുള്ള ആമ്പിപ്പാടം–പൊതുമ്പുചിറ റോഡും പൂർത്തീകരിച്ചു. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ചിറയുടെ സൗന്ദര്യവത്കരണവും അടിസ്ഥാന സൗകര്യ വികസനവും പൂർത്തിയാക്കിയപ്പോൾ, രണ്ടാം ഘട്ടത്തിൽ പ്രകാശവിതാനങ്ങൾ, ഇരിപ്പിടങ്ങൾ, വ്യൂ പോയിൻ്റ്, ഹാപ്പിനസ് പാർക്ക്, കോഫി ഷോപ്പ്, കനോപ്പി, ശുചിമുറികൾ, ഓപ്പൺ ജിം, ഫൗണ്ടൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രദേശം മുഴുവനും സിസിടിവി നിരീക്ഷണത്തിലാക്കി സുരക്ഷിതത്വവും ഉറപ്പാക്കി.
മൂന്നു ഘട്ടങ്ങളിലായുള്ള വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് നിർവഹിച്ചത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് പൊതുമ്പുചിറയിലെ ചിൽഡ്രൻസ് പാർക്കിന്റെ നിർമാണം വളരെ വേഗത്തിലാണ് നടത്തുന്നത്. ഇതോടൊപ്പം ഐ.സി.എൽ. ഫിൻകോർപ്പിൻ്റെ സി.എസ്.ആർ. ഫണ്ടിലൂടെ നടപ്പാക്കിയ ബോട്ടിംഗ് സൗകര്യം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇനി സഞ്ചാരികൾക്ക് ബോട്ടിംഗ് കൂടി ഇവിടെ ആസ്വദിക്കാം. പ്രകൃതിയും വിനോദസൗകര്യങ്ങളും കൈകോർക്കുന്ന ഈ പദ്ധതി, ഇരിങ്ങാലക്കുട മണ്ഡലത്തെ ടൂറിസം മേഖലയിലെ പുതിയ ലക്ഷ്യസ്ഥാനമായി മാറ്റുകയാണ്.


