THRISSUR

കയ്പമംഗലത്തിന്‌ നവകേരള സദസ്സിൻ്റെ സമ്മാനം

ഏഴു കോടി രൂപയുടെ വികസനം പദ്ധതികൾക്ക് അംഗീകാരം

നവകേരള സദസ്സിൻ്റെ ഭാഗമായി കയ്പ്പമംഗലം മണ്ഡലം ആവശ്യപ്പെട്ട രണ്ട് പ്രൊജക്ടുകൾ സർക്കാർ അംഗീകരിച്ച് ഏഴ് കോടിയുടെ വികസന നേട്ടത്തിന് ഉത്തരവായതായി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു.

മണ്ഡലത്തിലെ പ്രധാന സർക്കാർ ഓഫീസുകളെ ഏകീകരിച്ച് ഒരു കുടക്കീഴിലാക്കുന്നതിനായി, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പള്ളിനടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ, പെരിഞ്ഞനം മൂന്നുപീടിക സെൻ്ററിൽ, നിലവിൽ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സിൻ്റെ നിർമാണത്തിനായി നാല് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഈ പദ്ധതികൾ പൂർത്തിയായാൽ, കയ്പമംഗലം മണ്ഡലത്തിൽ വലിയ വികസനമാറ്റങ്ങൾ സംഭവിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി. ഇതുവഴി മണ്ഡലത്തിലെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ദീർഘനാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.