കുടുംബശ്രീ മിഷൻ സംസ്ഥാനതല ഓണം വിപണന മേളക്ക് തുടക്കമായി
മന്ത്രി എം.ബി. രാജേഷ് വിപണന മേള ഉദ്ഘാടനം നിർവ്വഹിച്ചു
കുടുംബശ്രീ മിഷൻ സംസ്ഥാനതല ഓണം വിപണനമേള തൃശ്ശൂർ ടൗൺ ഹാളിൽ തുടങ്ങി. തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററി വകുപ്പ് മന്ത്രി എം.ബി. രാജേഷ് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീകളുടെ തലവര മാറ്റിവരയ്ക്കാൻ കഴിയുമെന്ന് കൂട്ടായ്മയിലൂടെ തെളിയിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഇന്ന് കുടുംബശ്രീ പുതിയ മേഖലകൾ കയ്യടക്കി മുന്നേറുകയാണ്. ഓണത്തിനാവശ്യമായതെല്ലാം കുടുംബശ്രീയിൽ ലഭ്യമാണ്. ഗിഫ്റ്റ് ഹാംബറും ഓണക്കിറ്റുകളും വിറ്റഴിഞ്ഞത് വളരെപ്പെട്ടെന്നാണ് എന്നത് സമൂഹം ഇത് ഏറ്റെടുത്തു എന്നതിനുള്ള തെളിവാന്നെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ഏറ്റവും അധികം സംഭാവന നൽകിയ പ്രസ്ഥാനമാണ് കുടുംബശ്രീ, ഇതെല്ലാം ജനങ്ങൾക്കിടയിലുള്ള കുടുംബശ്രീയോടുള്ള വിശ്വാസ്യതയെയാണ് കാണിക്കുന്നതെന്നും മന്ത്രി കുട്ടിച്ചേർത്തു.
തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള കൈപ്പുണ്യമാണ് കുടുംബശ്രീയ്ക്കുള്ളത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും കുടുംബശ്രീ മാതൃക പഠിക്കാൻ നിരവധി പേർ എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിരവധി വെല്ലുവിളികൾക്കിടയിലും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന മുദ്രാവാക്യം സാക്ഷാത്കരിച്ചത് കുടുംബശ്രീയാണ്. ജനങ്ങളുടെ വിധി കൂട്ടായ്മയിലൂടെ തീരുമാനിക്കാനാകുമെന്ന് പഠിപ്പിച്ചത് കുടുംബശ്രീയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സെപ്റ്റംബർ നാല് വരെ നടക്കുന്ന വിപണന മേളയിൽ കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തതയാർന്ന ഉത്പന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശുദ്ധമായ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓണം വിപണന മേള നടത്തുന്നത്. സംസ്ഥാനതലത്തിലും ജില്ല, സി.ഡി.എസ്തലത്തിലും വിപണന മേളകൾ സംഘടിപ്പിക്കുന്നുണ്ട്.
തൃശ്ശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് ആദ്യ വിൽപ്പനയും നിർവഹിച്ചു. എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയായി. എം.എൽ.എമാരായ സേവ്യർ ചിറ്റിലപ്പിള്ളി, ഇ.ടി. ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ ഡോ. യു. സലിൽ നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, ഗുരുവായൂർ നഗരസഭ മുൻസിപ്പൽ ചെയർപേഴ്സൺ എം. കൃഷ്ണദാസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് എസ്. ബസന്ത്ലാൽ, നബാർഡ് ഡി.ജി.എം സെബിൻ ആൻ്റണി, തൃശ്ശൂർ കോർപ്പറേഷൻ- 1 സി ഡി എസ് ചെയർപേഴ്സൺ സത്യഭാമ വിജയൻ, തൃശ്ശൂർ കോർപ്പറേഷൻ- 2 സി ഡി എസ് ചെയർപേഴ്സൺ റെജുല കൃഷ്ണകുമാർ, ജില്ലയിലെ വിവിധ കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി.



