THRISSUR

മാലിന്യസംസ്കരണം ആരോഗ്യരക്ഷയ്ക്ക് നിർണായകം– മന്ത്രി എം.ബി. രാജേഷ്

പരിയാരം ഗ്രാമപഞ്ചായത്തിലെ തൂമ്പക്കോട് ജനകീയ കുടുംബാരോഗ്യ ഉപകേന്ദ്രം തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്ത് തന്നെ മികവ് പുലർത്തുന്ന മേഖലയാണെന്നും ജനകീയ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മെഡിക്കൽ കോളേജ് വരെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം സംസ്ഥാനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യരക്ഷയ്ക്കായി ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെയും പഞ്ചായത്തിൻ്റെ ഇടപെടലുകളെയും കുറിച്ചും മന്ത്രി സംസാരിച്ചു.

പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. 1,66,50,000 രൂപ ചെലവഴിച്ച് ചാലക്കുടിയിൽ നിർമിക്കുന്ന മൂന്ന് സബ്‌സെൻ്ററുകളിൽ രണ്ടെണ്ണത്തിൻ്റെ നിർമാണം പുരോഗമിച്ച് വരികയാണെന്നും ഒരെണ്ണത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയെന്നും മാലിന്യ സംസ്കരണം ആരോഗ്യരക്ഷയ്ക്ക് നിർണായകമാണെന്നും വൃത്തി ഉണ്ടെങ്കിലേ ആരോഗ്യമുണ്ടാകൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയർ ടി.കെ. ജിജിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു.

പരിയാരം ഗ്രാമപഞ്ചായത്ത് 2023–24 വർഷത്തെ ഹെൽത്ത് ഗ്രാന്റിൽ നിന്നും 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. നിലവിലുള്ള കെട്ടിടത്തിനോട് ചേർന്ന് പുതിയ രണ്ട് നിലകളിലായി 2200 ചതുരശ്ര അടിയിൽ കൺസൾട്ടിംഗ് റൂം, നഴ്സിംഗ് റൂം, ഇമ്മ്യൂണൈസേഷൻ റൂം, ഫീഡിംഗ് റൂം, ഐ.യു.ഡി. അറ്റാച്ച്ഡ് ടോയ്ലറ്റ്, വെയിറ്റിംഗ് ഏരിയ എന്നിവ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചത്.

പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മായ ശിവദാസൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജനീഷ് പി. ജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡെസ്റ്റിൻ ഡേവിസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഡേവിസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാജു ജോസഫ് മാടോണ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അല്ലി ഡേവിസ്, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.