THRISSUR

ഓണത്തിന് ഒരു ലക്ഷം തൊഴിൽ- വിജ്ഞാനകേരളവുമായി സഹകരിച്ച് കുടുംബശ്രീയുടെ ക്യാമ്പയിൻ

ഓണത്തിന് ഒരു ലക്ഷം തൊഴിലെന്ന മുദ്രാവാക്യവുമായി സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകി പ്രാദേശിക തൊഴിലുകൾ ലഭ്യമാക്കുന്നതിന് വിജ്ഞാനകേരളവുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ ക്യാമ്പയിൻ ആരംഭിക്കുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗങ്ങളിലാണ് തൊഴിൽ ക്യാമ്പയിന് അവസാന രൂപം നൽകിയത്. വിജ്ഞാനകേരളം മുഖ്യ അഡ്വൈസർ ഡോ. ടി.എം. തോമസ് ഐസക്കും പ്രധാന വകുപ്പുദ്യോഗസ്ഥരും യോഗങ്ങളിൽ പങ്കെടുത്തു.

ഇതിന് മുന്നോടിയായി ഒരു ലക്ഷം സ്ത്രീകൾക്ക് നൈപുണ്യ വികസന പരിശീലനം നൽകുമെന്ന് മന്ത്രി പറഞ്ഞു. വിജ്ഞാനകേരളം ക്യാമ്പയിൻ നിർവഹണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമിതികൾ രൂപീകരിക്കും. പ്രാദേശിക സാമ്പത്തിക വികസന സമീപനത്തിൻ്റെ ഭാഗമായി തൊഴിൽ ക്യാമ്പയിനെ ഉൾപ്പെടുത്തും. ഇതിനായി, കുടുംബശ്രീ മുഖേന പ്രവർത്തനങ്ങൾ നടത്തുന്നതിനും കർമപരിപാടി രൂപപ്പെടുത്തും. പ്രാദേശിക സാമ്പത്തിക വികസന പദ്ധതികൾ ഇതുമായി സംയോജിപ്പിക്കും. വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിൻ്റെ നിർവഹണ സംവിധാനം എന്ന നിലയിൽ കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളിൽ ഇംപ്ലിമെന്റേഷൻ യൂണിറ്റുകൾ പ്രവർത്തിക്കും.

പ്രാദേശിക തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് സംരംഭക സംഘടനകളുമായി ജില്ലാതല യോഗങ്ങൾ സംഘടിപ്പിക്കും. സംരംഭകരെ നേരിട്ട് ബന്ധപ്പെടുന്നതിന് മൂന്നു തലങ്ങളിലും പ്രത്യേക ടീമുകൾക്ക് രൂപം നൽകും. ഓരോ പ്രദേശത്തുമുള്ള തൊഴിലുകൾക്ക് കുടുംബശ്രീ സി.ഡി.എസുകൾ വഴി സ്ത്രീ തൊഴിലാളികളെ കണ്ടെത്തും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ ബ്ലോക്കുകളിലും, മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും തൊഴിൽമേളകൾ സംഘടിപ്പിക്കും. തൊഴിൽ ലഭിക്കുന്നവർക്കുള്ള പരിശീലനം നൽകുന്നതിന് അസാപ്, കെ.എ.എസ്.ഇ. തുടങ്ങിയ സർക്കാർ ഏജൻസികളെയും അക്രഡിറ്റഡ് ഏജൻസികളുടെയും പ്രവർത്തനങ്ങളെ വിജ്ഞാനകേരളം ഏകോപിപ്പിക്കും.

വിജ്ഞാനകേരളത്തിൻ്റെ പരിശീലനപരിപാടികളുടെ ഏകോപനം കിലയാണ് നിർവഹിക്കുക. കെ-ഡിസ്കിൽ നിന്നുള്ള വിദഗ്ദ്ധരാണ് ജില്ലകളിലെ പ്രൊജക്ട് മാനേജ്മെൻ്റ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. ക്യാമ്പയിന് ആവശ്യമായ സോഫ്റ്റ്‌വെയർ ലഭ്യമാക്കുന്നത് കെ-ഡിസ്കാണ്. നാഷണൽ സർവീസ് സ്കീം സന്നദ്ധപ്രവർത്തകർ ക്യാമ്പയിനിൽ സജീവ പങ്കാളികളായിരിക്കും.

കേരളത്തിലെ തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 20 ശതമാനം പേർ മാത്രമേ വീട്ടിനു പുറത്തുള്ള ജോലികളിൽ ഏർപ്പെടുന്നുള്ളൂ. ഇത് ഏതാനും വർഷംകൊണ്ട് 50 ശതമാനമായി ഉയർത്തുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന ക്യാമ്പയിനിലൂടെ ഇതിന് തുടക്കം കുറിക്കുകയാണ്.

വീട്ടമ്മമാർക്ക് ജോലി ചെയ്യുന്നതിലുള്ള സാമൂഹിക പിന്തുണ നൽകുക എന്നത് ക്യാമ്പയിനിൻ്റെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. ഓരോ തരം ജോലിക്കും പ്രത്യേകം നൈപുണ്യ പരിശീലന കോഴ്സുകൾ പ്രാദേശിക കേന്ദ്രങ്ങളിൽ നൽകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംയുക്ത പ്രൊജക്ട് ആയിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനുള്ള ചിലവിലേക്കായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജൂലൈയിൽ പദ്ധതിയിൽ പ്രൊജക്ടുകൾ ഉൾക്കൊള്ളിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

വിജ്ഞാനകേരളത്തിൻ്റെ പ്രാദേശിക ജോബ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ ഇനിമുതൽ തൊഴിൽകേന്ദ്രം എന്ന പേരിൽ സി.ഡി.എസ് ഓഫീസുകളിലായിരിക്കും പ്രവർത്തിക്കുക. ബ്ലോക്ക്-നഗരസഭാ തലത്തിൽ ജോബ് സ്റ്റേഷനുകളായിരിക്കും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക. ജില്ലാതലത്തിൽ കുടുംബശ്രീ ജില്ലാ മിഷനും വിജ്ഞാനകേരളം പി.എം.യുവും സംയുക്തമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

എല്ലാ ജില്ലകളിലും മന്ത്രിമാർ അധ്യക്ഷരായി വിജ്ഞാന കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി ജൂലൈയിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള ബ്ലോക്ക്-നഗരസഭാ കൗൺസിലുകൾ രൂപീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും നഗരസഭാ ചെയർപേഴ്സൺമാരും മുൻകൈ എടുക്കും. അതുപോലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വിജ്ഞാനകൗൺസിൽ രൂപീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ നേതൃത്വം നൽകും.

സംസ്ഥാനത്തിൻ്റെ വികസനത്തെയും സ്ത്രീപദവിയെയും ഗാഢമായി സ്വാധീനിക്കാൻ കഴിയുന്ന ഒരു ദൗത്യമാണ് വിജ്ഞാനകേരളത്തിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 25 വർഷം പിന്നിടുമ്പോൾ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് പുതിയൊരു ദിശാബോധം വേതനാധിഷ്ഠിത തൊഴിൽ ക്യാമ്പയിനിലൂടെ ലഭിക്കുകയാണ്. സാമ്പത്തികവും സാമൂഹികവുമായ വലിയ ചലനം ഉണ്ടാക്കാൻ ഈ ക്യാമ്പയിനിലൂടെ കഴിയും. സംസ്ഥാനത്തെ ജി.ഡി.പിയിലും വലിയ മാറ്റം ഉണ്ടാകും.

തൊഴിലന്വേഷകരുടെ പ്രായപരിധി നിശ്ചയിക്കുന്നത് സംരംഭകരായിരിക്കുമെന്ന് വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി. എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാലും 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കാണ് പ്രാമുഖ്യം നൽകുക. ഓണക്കാലത്ത് ജോലി കിട്ടിയവരെയും തൊഴിൽ ദാതാക്കളെയും തദ്ദേശസ്വയംഭരണസ്ഥാപനതലത്തിൽ ആദരിക്കും. ഇതൊരു സാമൂഹിക ദൗത്യമായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ കിലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു