ദേശീയ കലാ ഉത്സവ് 2025: മത്സരാർത്ഥികൾക്ക് യാത്രയയപ്പ് നൽകി
തൃശ്ശൂർ: ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയെയും അതിൻ്റെ വൈവിധ്യത്തെയും കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ‘കലാ ഉത്സവ് 2025’ ൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി. കോഴിക്കോട് നടന്ന സംസ്ഥാന സംസ്ഥാന കലാ ഉത്സവിൽ ഒന്നാം സ്ഥാനം നേടിയ 26 കുട്ടികളാണ് പൂനെയിൽ നടക്കുന്ന ദേശീയ കല ഉത്സവിൽ പങ്കെടുക്കുന്നത്. മൂന്ന് ഇനങ്ങളിൽ നിന്നായി ഏഴ് കുട്ടികളാണ് ജില്ലയിൽ നിന്ന് ദേശീയ കലാ ഉത്സവിൽ മത്സരിക്കുന്നത്. ഡി.ഡി.ഇ, എസ്. എസ്.കെ, ബി.ആർ.സി , സ്കൂൾ അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകിയത്.
പൊതുവിദ്യാലയങ്ങളിലെ 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളാണ് കലാ ഉത്സവിലെ 12 ഇനങ്ങളിലായി മത്സരിക്കുക. വിഷ്വൽ ആർട്സ് ത്രീ ഡി യിൽ സെൻ്റ്. തോമസ് എച്ച്.എസ്.എസ്. വല്ലച്ചിറയിലെ സി. സി ആദിദേവ്, വിഷ്വൽ ആർട്സ് ലോക്കൽ ക്രാഫ്റ്റിൽ എസ്.എസ്.ജി.എച്ച്.എസ്.എസ്. പുറനാട്ടുകരയിലെ വിദ്യാർത്ഥിനികളായ സി വി ഗാഥ, ദിഷ തിരുപ്പതി സഡി, ഇൻസ്ട്രുമെൻ്റൽ മ്യൂസിക് ഓർക്കസ്ട്രയിൽ വൈഗേഷ് ബിജു, കെ. ടി അശ്വജിത്ത്, അർണവ് ലിജു, ശ്രീഹരി കെ. സോമൻ എന്നിവരാണ് ജില്ലയിൽ നിന്ന് ദേശീയ കല ഉത്സവിൽ പങ്കെടുക്കുന്നത്.



