THRISSUR

ലൈഫ് പദ്ധതിയിലൂടെ നാല് അതിദരിദ്ര കുടുംബങ്ങൾക്ക് വീടൊരുക്കാൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത്

അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന സർക്കാർ മുന്നേറുമ്പോൾ അതി ദാരിദ്ര്യ നിർമാർജനത്തിലേക്ക് ഒരു ചുവട് കൂടി വെച്ചിരിക്കുകയാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട 72 കുടുംബങ്ങളിൽ 68 കുടുംബങ്ങളെ അതി ദാരിദ്രത്തിൽ നിന്ന് മുക്തമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയെങ്കിലും ബാക്കിയുള്ള നാല് കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമായിരുന്നില്ല. റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ്റെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും പ്രത്യേക ഇടപെടലുകളുടെ ഫലമായാണ് കഴിഞ്ഞ പട്ടയ വിതരണ മേളയിൽ ഭൂമിയും വീടും ഇല്ലാതിരുന്ന നാല് കുടുംബങ്ങളിൽ ഓരോ കുടുംബത്തിനും മൂന്ന് സെൻ്റ് ഭൂമി വീതം നൽകുകയും പട്ടയം അനുവദിക്കുകയും ചെയ്തത്. പട്ടയം അനുവദിച്ച ഭൂമിയിൽ ഒരു വീടിന് ആറ് ലക്ഷം രൂപ മുടക്കി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകുക എന്ന ഉത്തരവാദിത്വം പഞ്ചായത്ത് ഏറ്റെടുത്തു. പഞ്ചായത്ത് നിർമിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. വി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഒരു മാസത്തിനകം വീടിൻ്റെ നിർമാണം പൂർത്തീകരിച്ച് നൽകുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി രവീന്ദ്രൻ അറിയിച്ചു.