പട്ടയം സ്പെഷ്യൽ സ്റ്റോറികൾ:
മോഹനേട്ടൻ ഹാപ്പിയാണ്! ഇനി ഉറങ്ങാം സ്വന്തം മണ്ണിൽ — നാല് സെൻ്റ് ഭൂമിക്ക് പട്ടയം ലഭിച്ചു

തൃശൂർ: “നന്ദി, നന്ദി, ഇനി ഒന്നും വേണ്ട, നന്ദി…” പട്ടയം ഏറ്റുവാങ്ങി മോഹനൻ പറഞ്ഞ ഈ വാക്കുകളിൽ അതിജീവനത്തിൻ്റെ അതിയായ സന്തോഷം നിറഞ്ഞു. നടക്കാനും ശരിയായി സംസാരിക്കാനും കഴിയാത്ത ഭിന്നശേഷിക്കാരനായ മോഹനൻ മുട്ടിലിഴഞ്ഞ് വേദിയിൽ കയറി പട്ടയം ഏറ്റുവാങ്ങി നന്ദി പറയാൻ ശ്രമിച്ചത് സർക്കാരിനോടുള്ള കടപ്പാടിൻ്റെ പ്രതീകമായിരുന്നു.
നാലുകെട്ട് ഇരട്ടിച്ചിറ ആന്തപ്പിള്ളി വീട്ടുകാരനായ 53 കാരനായ മോഹനൻ രേഖകളില്ലാത്ത നാല് സെൻ്റ് ഭൂമിയിലാണ് താമസിച്ചിരുന്നത്. അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തും സന്നദ്ധസംഘടനകളും ചേർന്ന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതോടൊപ്പം ഭിന്നശേഷി സൗഹൃദമായ വീടും നിർമിച്ചു. ഭൂമിയുടെ രേഖകളില്ലാത്തതിനാൽ വീട്ടുനമ്പർ ലഭിക്കാനും വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാനും തടസ്സങ്ങളുണ്ടായിരുന്നു. പട്ടയം ലഭിച്ചതോടെ മോഹനൻ്റെ ജീവിതദുരിതങ്ങൾക്ക് ശമനം ലഭിച്ചു.
മോഹനന് ആവശ്യമായ സഹായങ്ങൾ ഒരുക്കുന്നതിൽ കൊരട്ടി ഗ്രാമപഞ്ചായത്ത് അംഗം ജെസി പോൾ നിർണായക പങ്കുവഹിച്ചു. അതിദാരിദ്ര്യമുക്ത കേരളം സൃഷ്ടിക്കുന്നതിനോടൊപ്പം സമൂഹത്തിലെ പിന്നാക്കവർക്കായുള്ള അടിസ്ഥാനസൗകര്യ വികസനമാണ് സർക്കാർ മുന്നോട്ടു വെക്കുന്ന ലക്ഷ്യം.
മനുഷ്യത്വത്തിൻ്റെ കലർപ്പില്ലാത്ത ചിത്രം — ചന്ദ്രമതി ടീച്ചർ

പട്ടയമേളയുടെ വേദിയിൽ ചന്ദ്രമതി ടീച്ചർ പകർത്തിയ “സ്നേഹ സെൽഫി” മൂന്നു കുടുംബങ്ങളുടെ സുരക്ഷിത ജീവിതത്തിൻ്റെ തുടക്കമായി. സ്വന്തമായ 54 സെൻ്റ് ഭൂമിയിൽ നിന്ന് 12 സെൻ്റ് സൗജന്യമായി വിട്ടുനൽകിയ ടീച്ചർ ആ ഭൂമി അർഹരായവർക്ക് ലഭ്യമാക്കുന്നതിൽ മുന്നിട്ടിറങ്ങി.
2018-ലെ ദേശമംഗലം പള്ളം കൊറ്റമ്പത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ട 35 കുടുംബങ്ങളിൽ ചിലർക്കാണ് ഈ ഭൂമി വീട് നിർമ്മിച്ച് നൽകിയത്. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ശബരി, സൂര്യലക്ഷ്മി, മണികണ്ഠൻ, മനോജ് എന്നിവർക്കാണ് നാല് സെൻ്റ് വീതം ഭൂമി ലഭിച്ചത്. രേഖകൾ തയ്യാറാക്കാനും പട്ടയം ലഭ്യമാക്കാനും ടീച്ചർ തന്നെ ഇടപെട്ടു.
ഒറ്റയ്ക്കാണ് ടീച്ചർ ജീവിക്കുന്നത്. എന്നാൽ ഈ മൂന്നു കുടുംബങ്ങളോടുള്ള സ്നേഹവാത്സല്യം ഒരു അമ്മയുടെ കരുതലിനെ പോലെ തന്നെയാണ്.
അഞ്ചര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം — തങ്കമണിക്കും കുടുംബത്തിനും പട്ടയം ലഭിച്ചു

നടത്തറ ഗ്രാമപഞ്ചായത്തിലെ മൂർക്കനിക്കര സ്വദേശിനി തങ്കമണിയും ഭർത്താവ് സുബ്രമണ്യനും 56 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചു. റവന്യൂ, ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജനിൽ നിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോൾ അവരുടെ കണ്ണുകളിൽ സന്തോഷത്തിൻ്റെ കണ്ണുനീർ നിറഞ്ഞു.
20 വർഷമായി പട്ടയത്തിനായി പരിശ്രമിച്ചിരുന്നെങ്കിലും പാറപ്പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ലഭിക്കാതിരുന്നതാണ്. ജില്ലാഭരണകൂടത്തിൻ്റെ ഇടപെടലിലൂടെ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് കുടുംബം പട്ടയത്തിന് അർഹരാണെന്ന് കണ്ടെത്തി സർക്കാർ ഉത്തരവിറക്കിയത്.
പട്ടയം ഏറ്റുവാങ്ങി മടങ്ങുമ്പോൾ തങ്കമണിയുടേയും സുബ്രമണ്യൻ്റെയും മുഖത്ത് നിറഞ്ഞത് അഭിമാനവും സ്വപ്നസാഫല്യത്തിൻ്റെയും പുഞ്ചിരിയുമായിരുന്നു. “എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ മുന്നേറുന്നതിൻ്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഇവരുടെ കഥ.
ഓമനയ്ക്കും സ്വന്തം ഭൂമിക്ക് രേഖയായി

മാടക്കത്തറ വില്ലേജിലെ പാമ്പുങ്ങൽ ശ്രീധരൻ്റെ ഭാര്യ ഓമനയ്ക്ക് 3.26 സെൻ്റ് മിച്ചഭൂമിക്ക് പട്ടയം നേരിട്ട് മന്ത്രി കെ. രാജൻ എത്തിച്ചുനൽകി. ശാരീരിക വിഷമതകൾ മൂലം ടൗൺഹാളിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും മന്ത്രിയോട് നേരിട്ട് പട്ടയം വാങ്ങണമെന്ന ഓമനയുടെ ആഗ്രഹം മന്ത്രി നിറവേറ്റുകയായിരുന്നു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നൽകിയ നിർദ്ദേശപ്രകാരം വേഗത്തിൽ നടപടികൾ പൂർത്തിയാക്കി ഓമനയ്ക്ക് മിച്ചഭൂമിപട്ടയം അനുവദിച്ചു. വേഗതയാർന്ന നടപടിക്കായി ഓമനയും സഹോദരനും കളക്ടർക്കും ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു.
കേരളം ഭൂവിവരവൽക്കരണത്തിലേക്ക്
സംസ്ഥാനത്തുടനീളം 10,002 പുതിയ പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ഇതോടെ ഈ സർക്കാരിൻ്റെ കാലയളവിൽ 2,33,947 കുടുംബങ്ങൾക്കും, കഴിഞ്ഞ ഒൻപത് വർഷത്തിൽ 4,10,958 പേരെയും ഭൂമിയുടെ അവകാശികളാക്കാനാണ് സാധിച്ചത്.
532 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയായതായി മന്ത്രി പറഞ്ഞു. ‘എൻ്റെ ഭൂമി’ പോർട്ടൽ വഴി ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാകുമെന്നും ക്രയവിക്രയ തട്ടിപ്പുകൾ ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തൃശൂർ ജില്ലയിൽ 1,349 പട്ടയങ്ങൾ വിതരണം ചെയ്തു. മറ്റ് ജില്ലകളിൽ കാസർഗോഡ് 273, കണ്ണൂർ 960, വയനാട് 122, കോഴിക്കോട് 1230, മലപ്പുറം 1524, പാലക്കാട് 2303, എറണാകുളം 355, ഇടുക്കി 500, കോട്ടയം 343, ആലപ്പുഴ 69, പത്തനംതിട്ട 28, കൊല്ലം 98, തിരുവനന്തപുരം 905 പട്ടയങ്ങൾ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.



3uamv4