THRISSUR

പോഷകാഹാര കിറ്റുകളുടെ വിതരണം ആരംഭിച്ചു

കടങ്ങോട് : ‘ക്ഷയരോഗമുക്തമായ കേരളം’ യാഥാർത്ഥ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റുകളുടെ വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. രോഗിയുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മതിയായ പോഷകാഹാരം ഉറപ്പാക്കുന്നതിനുമാണ്‌ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പോഷകാഹാര കിറ്റ്‌ വിതരണം ചെയ്യുന്നത്. ഒരു രോഗിക്ക് ആറു മാസത്തേക്കാണ് കിറ്റ് നൽകുന്നത്. രോഗമുക്തി ഉണ്ടാകാത്ത സാഹചര്യത്തിൽ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം തുടർന്നും 15 മാസത്തേക്കോ അല്ലെങ്കിൽ ചികി‌ത്സ അവസാനിക്കുന്നതുവരെയോ കിറ്റ് നൽകും. ഈന്തപ്പഴം, നെയ്യ്, റാഗിപ്പൊടി, അരി, അണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, ചെറുപയർ, കടല, പാൽപ്പൊടി, ആട്ട, നിലക്കടല, ഉഴുന്നുപരിപ്പ് എന്നിങ്ങനെ 12 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മെഡിക്കൽ ഓഫീസർ ഡോ. പി. നിയാസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ്, ജെ.എച്ച്.ഐ. പി.കെ. പ്രസന്നൻ, ജെ.എച്ച്.ഐ. പി.ആർ. അനുമോൾ തുടങ്ങിയവർ സംസാരിച്ചു.