ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശം: മന്ത്രി ഡോ. ആർ. ബിന്ദു
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. ആ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനാണ് സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
മാള ഉപജില്ലാ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ‘അക്ഷരഗണിതം 2025’ പദ്ധതിയുടെ ഭാഗമായി നാലാം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും അടിസ്ഥാന ഭാഷയും ഗണിതശേഷിയും ഉറപ്പാക്കിയതിൻ്റെ വിജയപ്രഖ്യാപനവും ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സയൻസ് ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസം കേരളത്തിൻ്റെ അഭിമാനമേഖലയാണെന്നും ലോകത്തിൻ്റെ മുമ്പാകെ കേരളം ഉയർത്തിപ്പിടിക്കുന്ന വികസന മാതൃകയുടെ മൂലക്കല്ലാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെന്നും മന്ത്രി പറഞ്ഞു. പ്രാപ്യത, തുല്യത, ഗുണമേന്മ, സാമൂഹ്യനീതി എന്നീ ഘടകങ്ങൾ ഉയർത്തിപ്പിടിച്ചാണ് കേരളം വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി വിനോദ് അധ്യക്ഷത വഹിച്ചു. മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ സുരേഷ് പദ്ധതി വിശദീകരിച്ചു. മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ സുരേഷിനെ ചടങ്ങിൽ ആദരിച്ചു.
2024 ജൂലൈ 16 ന് ആരംഭിച്ച പദ്ധതി മാള ഉപജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി സ്വീകരിച്ച പ്രധാന നടപടിയാണ്. പദ്ധതിയുടെ ആദ്യഘട്ടമായി നാലാം ക്ലാസിലെ എല്ലാ കുട്ടികളുടെയും അടിസ്ഥാന ഭാഷയും ഗണിതശേഷിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്ക്രീനിങ് നടത്തി. ഇതിൻ്റെ ഭാഗമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അധിക പഠന പിന്തുണ ഒരുക്കുകയും ചെയ്തു. തുടര്ന്ന് തൃശ്ശൂർ ഡയറ്റിൻ്റെ നേതൃത്വത്തിൽ പോസ്റ്റ് ടെസ്റ്റ് സംഘടിപ്പിച്ച് വിദ്യാർത്ഥികളിൽ കാണപ്പെട്ട പോരായ്മകൾ നികത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി. പദ്ധതിയുടെ അടിസ്ഥാനത്തിൽ സവിശേഷ പഠനസഹായം ആവശ്യമുള്ള കുട്ടികൾ ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും എഴുത്ത്, വായന, ഗണിതത്തിലെ ചതുഷ്ക്രിയകൾ എന്നിവ പൂർണ്ണമായി കൈവരിക്കാൻ പദ്ധതിവഴി പരിശീലനം നൽകി.
ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ ജോജോ, പൊയ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി തോമസ്, പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി, കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ഫാൻസ്, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി, അന്നമനട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ ഇക്ബാൽ, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവൻ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോഹിനി കുട്ടൻ, മാള ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ പി. ലീജു, മാള ഉപജില്ലാ വികസന സമിതി കൺവീനർ സി.എ മുഹമ്മദ് റാഫി, മാള ഉപജില്ല എച്ച്.എം ഫോറം പ്രസിഡണ്ട് റോബി ജോസ്, പ്രിൻസിപ്പാൾമാർ, ഗ്രാമപഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.



