THRISSUR

പ്രത്യേക വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കം

ചാലക്കുടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗം, ചർമമുഴ എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ്‌ യജ്ഞത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര കുമാർ നിർവഹിച്ചു.

2026 ജനുവരി 23 വരെയാണ് ജില്ലയിൽ വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ 158 വാക്‌സിനേഷൻ സ്‌ക്വാഡുകൾ കർഷകരുടെ ഭവനങ്ങളിലെത്തി പശുക്കൾക്കും എരുമകൾക്കും സൗജന്യമായി വാക്‌സിൻ നൽകും.

നാലുമാസവും അതിന് മുകളിലുള്ള എല്ലാ കന്നുകാലികളെയും വാക്‌സിനേഷനു വിധേയമാക്കണം. മൃഗസംരക്ഷണ വകുപ്പിനൊപ്പം ക്ഷീരവികസന വകുപ്പ്, ക്ഷീരസംഘങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും യജ്ഞത്തിൽ പങ്കാളികളാകും. പ്രതിരോധ കുത്തിവയ്പ്പ് വഴി കന്നുകാലികളെ രോഗബാധയിൽ നിന്ന് സംരക്ഷിക്കാനും അതുവഴി ക്ഷീരകർഷകർക്ക് ഉണ്ടാകാവുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനും സാധിക്കും.

ചാലക്കുടി റീജിയണൽ മൃഗസംരക്ഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആനിമൽ ഡിസീസ് കൺട്രോൾ പ്രോഗ്രാം ജില്ലാ കോർഡിനേറ്റർ ഡോ. ഐസക് സാം പദ്ധതി വിശദീകരിച്ചു. അസിസ്റ്റൻ്റ് പ്രൊജക്റ്റ് ഓഫീസർ ഡോ. ഷിബു, ഡോ. ജയൻ ജോസഫ്, ഡോ. അഞ്ജു മേരി തുടങ്ങിയവർ പങ്കെടുത്തു.