THRISSUR

മധുരം ജീവിതം; ലഹരി വിരുദ്ധ ഓണാഘോഷം

സാഹിത്യമത്സരങ്ങള്‍ തുടങ്ങി

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിൻ്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യമത്സരങ്ങള്‍ക്ക് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജില്‍ തുടക്കമായി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും തിരക്കഥാകൃത്തുമായ പി.കെ. ഭരതന്‍ മാസ്റ്റര്‍ സാഹിത്യമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും പ്രാഥമിക മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും ജനറല്‍ വിഭാഗത്തില്‍ പൊതുജനങ്ങളുമാണ് വിവിധ ഇനങ്ങളില്‍ മത്സരിച്ചത്.

സാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സെൻ്റ് ജോസഫ്‌സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബി.പി.സി കെ.ആര്‍. സത്യപാലന്‍, വെള്ളാങ്ങല്ലൂര്‍ ഡി.പി.സി നീതു സുഭാഷ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. കേസരി, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകന്‍, പി.ആര്‍. സ്റ്റാന്‍ലി, ആര്‍.എല്‍. ജീവന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് (സെപ്തംബര്‍ 2) രാവിലെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നാടന്‍പാട്ട് മത്സരവും ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് ഓണക്കളി മത്സരവും അരങ്ങേറും.