THRISSUR

വയോജനങ്ങൾക്കായി കട്ടിൽ വിതരണം നടത്തി തോളൂർ ഗ്രാമപഞ്ചായത്ത്

തോളൂർ ഗ്രാമപഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ കട്ടിൽ വിതരണം ഉദ്ഘാടനം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.

ഐ.സി.ഡി. എസ് സൂപ്പർവൈസർ വിദ്യ കെ പ്രജീഷ് പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്ത് ഫണ്ട് അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ട് ഒരു ലക്ഷം രൂപയും വകയിരുത്തി പഞ്ചായത്തിലെ സ്ഥിര താമസക്കാരായ 60 വയസ്സു കഴിഞ്ഞ വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം നടത്തിയത്. തുടർച്ചയായി മൂന്ന് വർഷങ്ങളായി ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ വയോജനങ്ങൾക്കായി 650 ലധികം കട്ടിലുകൾ പഞ്ചായത്തിൽ വിതരണം ചെയ്തതായി പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലില്ലി ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ഷീന വിൽസൺ, സരസമ്മ സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി പോൾസൺ, ഷൈലജ ബാബു, സുധാ ചന്ദ്രൻ എന്നിവർ സംസാരിച്ചു. അങ്കണവാടി അധ്യാപകർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.