THRISSUR

താള വിസ്മയങ്ങളുടെ മൂന്ന് നാളുകൾ

സംഗീത നാടക അക്കാദമിയുടെ ആദ്യ ദേശീയ താളവാദ്യോത്സവത്തിന് ഇന്ന് തിരി തെളിയും

കേരള സാംസ്‌കാരിക വകുപ്പിൻ്റെയും കേരള സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “തത്തിന്തകതോം” ദേശീയ താള വാദ്യോത്സവത്തിന് ഇന്ന് തിരി തെളിയും. കേരള സംഗീത നാടക അക്കാദമിയുടെ 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് താളവാദ്യോത്സവം സംഘടിപ്പിക്കുന്നത്. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന താള വാദ്യോത്സവം സംഗീത നാടക അക്കാദമിയുടെ കെ.ടി മുഹമ്മദ് തിയേറ്റർ (റീജിയണൽ തിയ്യറ്റർ), ആക്ടർ മുരളി തിയേറ്റർ, ബ്ലാക്ക് ബോക്സ് എന്നീ വേദികളിലായി 11, 12,13 എന്നീ ദിനങ്ങളിലായാണ് അരങ്ങേറുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന ഇടയ്ക്ക വിസ്‌മയത്തോടെ ആരംഭം കുറിക്കുന്ന ‘തത്തിന്തകത്തോമിൽ’ വരും ദിനങ്ങളിലായി മേള പ്രമാണികളും വാദ്യ കുലപതികളും, കേരളീയ താളങ്ങളും, ദേശീയതല താളസംസ്‌കൃതിയും ചേർന്ന് ആസ്വാദകർക്കായി മേള പ്രപഞ്ചം സൃഷ്ടിക്കും.

വൈകുന്നേരം 5:30ന് കെ.ടി മുഹമ്മദ് തിയേറ്റർ ഹാളിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും. കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ ഉസ്താദ് സാക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണം നടത്തും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡണ്ട് അശോകൻ ചരുവിൽ, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

മേളപ്പദം, മിഴാവ് തായമ്പക, ശിങ്കാരിമേളം, പഞ്ചാരിമേളം, പാണ്ടിമേളം, തായമ്പക, പഞ്ചവാദ്യം, ദേശതാളങ്ങളായ അര്‍ജ്ജുന നൃത്തത്തിൻ്റെയും ഗരുഡന്‍തൂക്കത്തിൻ്റെയും താളവിന്യാസങ്ങള്‍, മരുഭൂമിയുടെ താളമായ കര്‍താള്‍, തദ്ദേശീയമായ താളങ്ങള്‍, സോദാഹരണ പ്രഭാഷണങ്ങള്‍, വിവിധതരം കലാവതരണങ്ങള്‍, ഹ്രസ്വചിത്ര പ്രദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് വാദ്യോത്സവം വിഭാവനം ചെയ്തിട്ടുള്ളത്. വാദ്യകലാരംഗത്തേക്ക് സ്വപ്രയത്‌നത്തിലൂടെ വഴി വെട്ടിത്തെളിച്ച് നടന്നുവന്ന, കലയുടെ വിവിധ മേഖലകളില്‍ സജ്ജരായിത്തീര്‍ന്ന സ്ത്രീകലാകാരികളുടെ പങ്കാളിത്തവും ഈ ദേശീയ താളവാദ്യോത്സവത്തിൻ്റെ മാറ്റ് കൂട്ടുന്നു. ജൂലൈ 13ന് രാത്രി 7:35ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചെയര്‍മാന്‍സ് സിംഫണിയോടെ വാദ്യോത്സവത്തിന് തിരശ്ശില വീഴും.

ദേശീയ താളവാദ്യോത്സവത്തിൽ ഇന്ന് (11-07-2025)

രാവിലെ 9:00 – 10:00 പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന ‘ഇടയ്ക്ക വിസ്‌മയം
10:15 -11:30 – കലാമണ്ഡലം ഉണ്ണികൃഷ്‌ണനും സംഘവും അവതരിപ്പിക്കുന്ന ‘മേളപ്പദം’
11:45 – 12:45 – കലാമണ്ഡലം രാജീവും കലാമണ്ഡലം വിനീഷും സംഘവും അവതരിപ്പിക്കുന്ന മിഴാവിൽ ഇരട്ടത്തായമ്പക
1:45 – 2:45 – ആട്ടം കലാസമിതിയുടെ നേതൃത്വത്തിൽ ശിങ്കാരിമേളം
2:50 – 3:20 – അനിരുദ്ധൻ കുന്നങ്കരി ആശാനും സജനീവ് ഇത്തിത്താനവും അവതരിപ്പിക്കുന്ന ‘അർജ്ജുന നൃത്തത്തിൻ്റെ താളവിന്യാസങ്ങൾ’
3:25 – 3:55 – കലാമണ്ഡലം ഷാജിയും സംഘവും അവതരിപ്പിക്കുന്ന ‘ഗരുഡൻതൂക്കത്തിൻ്റെ താളവിന്യാസങ്ങൾ’
4:00 – 5:00 – കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഗോത്ര വാദ്യകലാവതരണങ്ങൾ ‘ഭൂമിയുടെ താളങ്ങൾ’
5:05 – 5:30 – ഉസ്താദ് മുഹമ്മദും സംഘവും അവതരിപ്പിക്കുന്ന ‘മുട്ടും വിളിയും’
5:30 – 6:30 – ദേശീയ താളവാദ്യോത്സവം ഔദ്യോഗിക ഉദ്‌ഘാടനം
7:15 – 7:35 – തിരുനങ്കൈ തമിഴിനിയും ഡേവിഡും സംഘവും അവതരിപ്പിക്കുന്ന ‘തപ്പാട്ടം’
7:40 – 8:10 – മുഹമ്മദ് റഫീക്ക്, ഷഹീർ ഖാൻ അവതരിപ്പിക്കുന്ന ‘കർതാൾ
8:15 – 9:00 – ഓടക്കാലി മുരളിയും സംഘവും അവതരിപ്പിക്കുന്ന ‘കൊമ്പുപറ്റ്’
9:05 – 9:20 പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന ചെണ്ടയിൽ പ്രാഥമിക പാഠങ്ങൾ പരിശീലിക്കുന്ന പുളിമുട്ടിയിൽ പ്രത്യേകം തയ്യാറാക്കിയ താളശില്പം ‘ആദ്യാക്ഷരങ്ങൾ’
9:25 – 9:40 ഉസ്താദ് സാക്കിർ ഹുസൈനെക്കുറിച്ചുള്ള ഹ്രസ്വചിത്രം