തനിമ കുവൈറ്റ് – 19-ാം ദേശീയ വടംവലി മത്സരവും 13-ാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും നവംബർ 28-ന്
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിൻ്റെ ആഭിമുഖ്യത്തിൽ സൻസീലിയ എവർ റോളിംഗ് ട്രോഫിക്കായുള്ള 19-ാം ദേശീയ വടംവലി മത്സരവും 13-ാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും നവംബർ 28-ന് അബ്ബാസിയയിലെ ഇൻ്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപ്പൺ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ നടക്കുമെന്ന് ഓണത്തനിമ കൺവീനർ അറിയിച്ചു. പ്രശസ്ത മലയാള സാഹിത്യകാരൻ പരേതനായ എം.ടി. വാസുദേവൻ നായരുടെ സ്മരണാർത്ഥമായി ഈ വർഷം മത്സരവേദിക്ക് “എം.ടി. നഗർ” എന്ന പേരാണ് നൽകിയിരിക്കുന്നത്. വ്യവസായിയും ആറാം ഡാൻ ബ്ലാക്ക് ബെൽറ്റ് (ജപ്പാൻ) കരാട്ടെ വിദഗ്ധനുമായ ശ്രീ. സുരേഷ് കാർത്തിക് മത്സരവേദി ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനത്തിൽ പോർച്ചുഗീസ് ഇൻ്റർനാഷണൽ വോളിബോൾ താരം ശ്രീ. ജോസെ പെട്രോ ഗോമസ്, എൻആർഐ ടഗ് ഓഫ് വാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഹർവിന്ദർ സിംഗ്, കുവൈറ്റിലെ വിവിധ സാംസ്കാരിക-പൗരപ്രമുഖർ, വ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അന്നേ ദിവസം കുവൈറ്റിലെ 24 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് ഡോ. ഏ.പി.ജെ. അബ്ദുൽ കലാം “പേൾ ഓഫ് ദി സ്കൂൾ” അവാർഡ് നൽകും. കൂടാതെ, യു.ഐ.എസിലെ അധ്യാപികയുടെ സ്മരണാർത്ഥം ഏഴാം ക്ലാസിലെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ‘ബിനി മെമ്മോറിയൽ അവാർഡും’ വിതരണം ചെയ്യും.
മലേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ കുവൈറ്റ് നാഷണൽ ടഗ് ഓഫ് വാർ ടീമിനും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും. മാസങ്ങളോളം പരിശീലനം നടത്തിയ 20-ഓളം ടീമുകളും, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30-പരം താരങ്ങളും പങ്കെടുക്കുന്ന ഇത്തവണത്തെ വടംവലി മമാങ്കം ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തപ്പെടുന്നു. മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച താരങ്ങൾക്ക് ഇന്ത്യയിലെ ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിക്കും.
5–6 അടി ഉയരമുള്ള എവർ റോളിംഗ് ട്രോഫികൾ ഈ വർഷത്തെ തനിമ വടംവലി മമാങ്കത്തിൻ്റെ പ്രത്യേക ആകർഷണമാണ്. ഈ സൗജന്യ കായികമാമാങ്കത്തിലേക്ക് എല്ലാ കായികപ്രേമികളെയും തനിമ കുവൈത്ത് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. പത്രസമ്മേളനത്തിൽ ഓണത്തനിമ കൺവീനർ ബിനിൽ സ്കറിയ, പ്രോഗ്രാം കൺവീനർ ജേക്കബ് വർഗീസ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ബാബുജി ബത്തേരി, തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യു, തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ്, ഓഫീസ് സെക്രട്ടറി ജിനു കെ. അബ്രഹാം, ട്രഷറർ റാണാ വർഗീസ്, ജോയിൻ്റ് കൺവീനർമാരായ ഡൊമിനിക് ആൻ്റണി, വിജേഷ് വേലായുധൻ, ഫിനാൻസ് കൺവീനർ ഷാജി വർഗീസ്, എൻആർഐ ടഗ് ഓഫ് വാർ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡി.കെ. ദിലീപ്, തനിമ ലേഡീസ് വിങ് കൺവീനർ ഉഷ ദിലീപ്, മീഡിയ കൺവീനർ മുബാറക് കാമ്പ്രത്ത് എന്നിവർ പങ്കെടുത്തു.




tggdngvuhkxnrepyhyoluwwezeelrg