കുവൈറ്റ് കെ.എം.സി.സി അവാർഡുകൾ പ്രഖ്യാപിച്ചു
കുവൈറ്റ്: കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിൻ്റെ പേരിലുള്ള രണ്ടാമത് അവാർഡുകൾ കുവൈറ്റ് കെ.എം.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.
ആരോഗ്യ രംഗത്ത് കുവൈറ്റി പൗരനായ ഡോ. മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി, ജീവകാരുണ്യ രംഗത്ത് ഡോ. ബോബി ചെമ്മണ്ണൂർ, ബിസിനസ് രംഗത്ത് പ്രവാസി മലയാളിയായ സിഷോർ മുഹമ്മദ് അലി എന്നിവർക്ക് അവാർഡുകൾ ലഭിച്ചു.
മൂന്നര പതിറ്റാണ്ടായി ഖത്തറിൽ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന സിഷോർ മുഹമ്മദ് അലിയുടെ സത്യസന്ധതയും സഹജീവിസ്നേഹവും മാതൃകാപരമാണെന്ന് ജൂറി വിലയിരുത്തി. അവയവ മാറ്റിവയ്ക്കൽ കേന്ദ്രത്തിൻ്റെ ചെയർമാനായ ഡോ. മുസ്തഫ സയ്യിദ് കുവൈത്തിലെ പ്രമുഖ ആരോഗ്യ പ്രവർത്തകനാണ്.
സൗദി ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി നടത്തിയ യാചകയാത്ര ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഡോ. ബോബി ചെമ്മണ്ണൂരിന് അവാർഡ് നേടിക്കൊടുത്തത്.
ഒക്ടോബർ 3-ന് നടക്കുന്ന കുവൈറ്റ് കെ.എം.സി.സി തൃശൂർ ജില്ല സമ്മേളനത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ അവാർഡുകൾ സമ്മാനിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി, ട്രഷറർ അസീസ് പാടൂർ എന്നിവർ അറിയിച്ചു.



