ലളിത കലാ അക്കാദമിയിൽ ‘വന്യ 2025’ ന് തുടക്കമായി
തൃശൂർ: വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി വനം, വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം തൃശൂർ ഡിവിഷൻ്റെ സഹകരണത്തോടെ ഗ്രീൻ വാരിയേഴ്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ‘വന്യ 2025’ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എക്സിബിഷന് തുടക്കമായി.

റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ അക്രലിക്ക് പ്രിൻ്റിലേക്ക് പകർത്തിയ ചിത്രങ്ങൾ നവ്യാനുഭവമാണ് പകരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഒക്ടോബർ 28 ന് നാടിനു സമർപ്പിക്കപ്പെടുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്ന ഫോട്ടോഗ്രാഫി അവസരങ്ങളെകുറിച്ചും മന്ത്രി സംസാരിച്ചു. ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ ഗ്രീൻ വാരിയേഴ്സ് ഗ്രൂപ്പ് ഭാരവാഹി മധു കിഴുക്കൂത്ത് അദ്ധ്യക്ഷത വഹിച്ചു.

അക്രലിക്ക് പ്രിൻ്റിലുള്ള 50 ഫോട്ടോകളാണ് വാർഷിക പ്രദർശനത്തിൻ്റെ മൂന്നാം പതിപ്പിൽ ഒരുക്കിയിട്ടുള്ളത്. പ്രദർശനം ഒക്ടോബർ അഞ്ചിന് സമാപിക്കും.

ഗ്രീൻ വാരിയേഴ്സ് ഗ്രൂപ്പ് ഭാരവാഹികളായ അനിത്ത് അജിത്കുമാർ, സൂരജ് പണിക്കർ, സി. യു ശ്രീനി, അഭിജിത്ത് വാരിയർ, നച്ചു സീന, ഷോബി ജോസ്, പ്രദർശനത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഫോട്ടോഗ്രാഫർമാർ തുടങ്ങിയവർ പങ്കെടുത്തു.




