KERALAM

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദo

തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിൽ നിലവിലുള്ള അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ഇത് ശ്രീലങ്ക നിർദ്ദേശിച്ച ‘ശക്തി’ എന്ന പേരിലാകും അറിയപ്പെടുക. നിലവിലെ സാഹചര്യത്തിൽ ഞായറാഴ്ച വരെ ഇന്ത്യൻ തീരത്ത് വലിയ ഭീഷണിയുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളത്തിൽ വടക്കൻ ജില്ലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്. ഇതിനിടെ, കേരളത്തിൽ രണ്ട് ദിവസത്തേക്ക് ഇടിമിന്നൽ മഴയ്ക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.