THRISSUR

കുണ്ടിലങ്ങാടിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

കുണ്ടിലങ്ങാടി: പട്ടികജാതി, പട്ടികവർഗ സമൂഹങ്ങളുടെ സമഗ്ര വികസനത്തിനായി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ഉന്നതി വികസന പദ്ധതിയെന്നും പിന്നാക്കം നിൽക്കുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണ് തുടർച്ചയായി പദ്ധതി നടപ്പിലാക്കുന്നതെന്നും പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. വേലൂർ ഗ്രാമപഞ്ചായത്തിലെ കുണ്ടിലങ്ങാടി അംബേദ്കർ ഗ്രാമത്തിൻ്റെ നിർമാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എ.സി. മൊയ്തീൻ എം.എൽ.എ. ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുണ്ടിലങ്ങാടി അംബേദ്കർ ഗ്രാമത്തിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നത്. 27 വീടുകളുടെ പുനരുദ്ധാരണം, നടപ്പാത കോൺക്രീറ്റിംഗ്, കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, റോഡ് റീടാറിങ് തുടങ്ങിയ പ്രവൃത്തികളാണ് നടപ്പിലാക്കുക. 37 എസ്.സി. കുടുംബങ്ങളും 13 ജനറൽ കുടുംബങ്ങളുമാണ് കുണ്ടിലങ്ങാടി ഗ്രാമത്തിൽ താമസിക്കുന്നത്. ‌​

ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കർമ്മല ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.എഫ്. ജോയ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ദിലീപ്കുമാർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അം​ഗം സപ്‌ന റഷീദ്, പഞ്ചായത്തം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.