THRISSUR

നടത്തറ–പാണഞ്ചേരി മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

നടത്തറ, പാണഞ്ചേരി ഗ്രാമപഞ്ചായത്തുകളിലായി പൂർത്തിയാക്കിയ മൂന്ന് റോഡുകൾ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നാടിന് സമർപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ ആൽപാറ മണ്ടഞ്ചിറ കേളകത്ത് റോഡ്, നാലാം വാർഡിലെ പട്ടിക്കാട് താണിപ്പാടം ബസാർ റോഡ്, നടത്തറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മുളയം ജൻപഥ് ബൈലൈൻ റോഡ് എന്നിവയാണ് പൊതുജനത്തിനായി തുറന്നുകൊടുത്തത്. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ഇതിൽ പട്ടിക്കാട് താണിപ്പാടം ബസാർ റോഡ് പൊതുമരാമത്ത് വകുപ്പിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർത്തിയതാണ്.

പാണഞ്ചേരിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി. ജലജൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ റെജി വി. മാത്യു, ജെയ്‌സൺ, സുരേന്ദ്രൻ, കൈമല ജോണി തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ റെജി വി. മാത്യു, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമ്മസേന പ്രവർത്തകർ, ആശാ പ്രവർത്തകർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. നടത്തറ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് അഡ്വ. പി.ആർ. രജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ അനീഷ്, ജിനിത സുഭാഷ്, കെ.ജെ. ജയൻ തുടങ്ങിയവർ പങ്കെടുത്തു