THRISSUR

ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം നൽകി യു.ആർ പ്രദീപ് എം.എൽ.എ

ചേലക്കരയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കും യു.ആർ പ്രദീപ് എം.എൽ.എ ഏർപ്പെടുത്തിയ എം.എൽ.എ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യു.ആർ പ്രദീപ് എം.എൽ.എ അധ്യക്ഷനായി.

തങ്ങളുടെ കരിയറിനെ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ ഉണ്ടാകണമെന്നും അതിനായി തികഞ്ഞ സമർപ്പണത്തോട്കൂടി പ്രയത്‌നിക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പോലീസ് കമ്മീഷണർ ആർ. ഇളങ്കോ വിദ്യാർത്ഥികളോട് പറഞ്ഞു. സിവിൽ സർവീസ് പരീക്ഷ എഴുതി വിജയിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

കാർഷിക മേഖലയായ ചേലക്കരയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങൾ കിഫ്ബി അടക്കമുള്ള പദ്ധതികൾ വഴി വർദ്ധിപ്പിക്കുന്നതിനും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ വികസനത്തിനും വേണ്ടി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ യു.ആർ പ്രദീപ് എം.എൽ.എ പറഞ്ഞു.

എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചേലക്കര നിയോജക മണ്ഡലത്തിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയുമാണ് ചടങ്ങിൽ ആദരിച്ചത്. ഗവ. എച്ച്.എസ് പാഞ്ഞാൾ, എൽ.എഫ്.ജി.എച്ച്.എസ്.എസ് ചെലക്കര, കേരള കലാമണ്ഡലം ആർട്സ് ഹൈസ്കൂൾ, സെൻ്റ് ജോസഫ് പങ്ങാരപ്പിള്ളി, എം.ആർ.എസ് ചേലക്കര, സെൻ്റ് ജോൺസ് എച്ച്.എസ് എളനാട് തുടങ്ങി നൂറു ശതമാനം വിജയം നേടിയ ഒമ്പത് സ്കൂളുകൾ അടക്കം 75 വിദ്യാലയങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. 500 ഓളം വിദ്യാർത്ഥികളെയും ചടങ്ങിൻ്റെ ഭാഗമായി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷറഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. പദ്മജ, കെ. ശശിധരൻ, എം.കെ പത്മജ, വി. തങ്കമ്മ, പി.പി സുനിത, മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.കെ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ മായ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി ശ്രീജയൻ, മെഡിക്കൽ ഓഫീസർ ഡോ. സതീഷ് പരമേശ്വരൻ, ബി.പി.സി കെ. പ്രമോദ്, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.