നാടോടികൾക്കായി തെരുവോര പുനരധിവാസ ബിൽ അവതരിപ്പിച്ച് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ
കയ്പമംഗലം മണ്ഡലത്തിലെ നാടോടികളുടെ സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് നാടോടികൾക്കായി നിയമസഭയിൽ തെരുവോര പുനരധിവാസ ബിൽ അവതരിപ്പിച്ച് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ.
തെരുവുകളിലും ആശുപത്രികളിലും ബസ്സ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും അനാഥരായി കിടക്കുന്നവർ ഉണ്ടാകരുത്. അവർക്ക് ആദ്യഘട്ടത്തിൽ താലൂക്ക്തലത്തിൽ പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കണം. അവരിൽ ആരോഗ്യത്തോടെ പണിയെടുക്കാൻ കഴിയുന്നവർക്ക് തൊഴിൽ നൽകും. സമ്പാദ്യം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബില്ലാണ് എം.എൽ.എ അവതരിപ്പിച്ചത്. അതിനായി 2025 ലെ തെരുവോര പുനരധിവാസ ആക്ട് പാസ്സാക്കുന്നതിനും അതിൻ്റെ അടിസ്ഥാനത്തിൽ ഒരു ബോർഡ് രൂപീകരിച്ച് ഇത്തരത്തിലുള്ള ആളുകളെ ശാക്തീകരിക്കുന്നതിനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.
കേരളത്തിലെ നിലവിലെ സാമൂഹിക അവസ്ഥയിൽ പരിഹരിക്കേണ്ട പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തലചായ്ക്കാൻ ഒരു കൂരയില്ലാതെ തെരുവോരങ്ങളിൽ ഒറ്റയ്ക്കും കൂട്ടമായും നിരാലംബരായി നടക്കുന്ന സാമ്പത്തികമായും സാമൂഹികപരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന നാടോടികൾ. അവരുടെ കൂട്ടത്തിലെ കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനും ഇവർക്ക് ആധാർ, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഉൾപ്പെടെയുള്ള ആധികാരിക രേഖകൾ നൽകുന്നതിനും എല്ലാ അവകാശങ്ങളുമുള്ള ഇന്ത്യൻ പൗരനായി ജീവിക്കാൻ സഹായിക്കുന്നതിനും ഉപജീവനത്തിനും വാസസ്ഥലമൊരുക്കുന്നതിനുമുള്ള പദ്ധതികൾ അവലംബിക്കാനും സർക്കാരിന് കഴിയേണ്ടതുണ്ട്. ഇതിനാവശ്യമായ പദ്ധതികളും പരിപാടികളും തയ്യാറാക്കി നടപ്പിൽവരുത്തുന്നതിനായി തെരുവോര പുനരധിവാസ നിയമം അനിവാര്യമായി വരികയാണെന്നും അവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് ആവശ്യമായ സാമ്പത്തികവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സംരക്ഷണം നൽകേണ്ടത് ജനാധിപത്യത്തെ സംരക്ഷിക്കുന്ന സർക്കാരിൻ്റെ അടിയന്തര പദ്ധതിയായിരിക്കണമെന്നും ബില്ലിൽ എം.എൽ.എ അവതരിപ്പിച്ചു.
നാട്ടികയിൽ നാടോടി സംഘങ്ങൾക്കിടയിലേക്ക് വാഹനം പാഞ്ഞു കയറിയുണ്ടായ അപകടങ്ങളുംമറ്റും ഉദാഹരണ സഹിതമാണ് ഇ.ടി. ടൈസൺ എം.എൽ.എ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്.



